മലപ്പുറം സ്വദേശിയെ ഫ്‌ളാറ്റിൽ വെച്ച് കൊന്ന് തുണിയിൽ വരിഞ്ഞ് കെട്ടി ഒളിപ്പിച്ച സംഭവത്തിൽ, പ്രതിയെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചിയിലെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ (22) മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷദ് പിടിയിൽ. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് നിന്നാണ് അർഷദ് പിടിയിലായത്. കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമാണ് മലപ്പുറം വണ്ടൂർ സ്വദേശിയുടെ കൊലപാതക വാർത്ത പുറത്ത് വരുന്നത്. കൊലപ്പെടുത്തിയ ശേഷം തുണിയിൽ വരിഞ്ഞ് കെട്ടിയ ശേഷം ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുണ്ട്.
കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷാദിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. പ്രതി മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞശേഷമാണെന്നും പൊലീസ് അറിയിച്ചു. അർഷാദിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽനിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തി. സജീവ് കൃഷ്‌ണ കൊല്ലപ്പെട്ടതിനുശേഷവും സജീവിന്റെ ഫോണിൽനിന്ന് സന്ദേശം എത്തിയിരുന്നു. തിരിച്ചു വിളിച്ചപ്പോൾ എടുത്തിരുന്നില്ല. അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് തോന്നലിലാണ് ഫ്ലാറ്റിൽ എത്തി പരിശോധിക്കാൻ തീരുമാനിച്ചതെന്നു സജീവിന്റെ സുഹൃത്ത് അംജദ് പറഞ്ഞു.
തന്റെ സ്കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലം വിട്ടതെന്നു അംജദ് പറഞ്ഞു. രണ്ടാഴ്‍ച മുൻപ് മാത്രമാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഫ്ലാറ്റിലുള്ള മറ്റൊരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദെന്നും അംജദ് പറഞ്ഞു. യുവാവിന്റെ കൊലപാതക വിവരം പുറത്തായതോടെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനു സമീപം അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതായി പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സജീവ് ഏറ്റവും അവസാനം കുടുംബവുമായി ബന്ധപ്പെട്ടത്. പിന്നീട് പലവട്ടം വിളിച്ചിട്ടും കിട്ടാത്തതുകൊണ്ടാണു സഹോദരനെയും ബന്ധുവിനെയും കൊച്ചിയിലേക്ക് അയച്ചതെന്ന് സജീവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന അര്‍ഷാദിനെ സജീവ് കൃഷ്ണക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നെന്നും രണ്ടു ദിവസം മുമ്പ് ഇരുവരെയും ഒരുമിച്ചു കണ്ടിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി. അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്തായിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ താമസിക്കാനെത്തിയിരുന്നത്.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്നു പിതാവ് കെ.കെ.റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് തന്റെ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പിതാവ് റസാഖ് പറഞ്ഞു.