പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വിസിയുടെ വാദങ്ങൾ തള്ളി, വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണു നടപടി. റിസർച് സ്കോറിൽ പിന്നിലായിരുന്ന പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവർണറുടെ നിർണായക തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ നൽകിയ വിശദീകരണം ഗവർണർ തള്ളി. വൈസ് ചാൻസലറിന് കാരണം കാണിക്കൽ നോട്ടിസും നൽകും.
സ്വജനപക്ഷപാതവും ചട്ടലംഘനവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ, പ്രിയയുടെ നിയമന വിവാദത്തിൽ നിർണായക തീരുമാനം അര മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വൈകിട്ട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.
അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്ന പ്രിയ വർഗീസ്, അഭിമുഖത്തിലെ മാർക്കു വന്നപ്പോൾ ഒറ്റയടിക്ക് ഒന്നാമതെത്തിയതായി വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെയാണ് 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തിയത്. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30.
വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചു നൽകുന്ന മാർക്കാണ് റിസർച് സ്കോർ. എന്നാൽ ഇന്റർവ്യൂവിലെ പ്രകടനമാണു റാങ്ക് തീരുമാനിക്കുന്നതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. തൃശൂർ കേരളവർമ കോളജ് അധ്യാപികയായ പ്രിയ നിലവിൽ ഡപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാണ്.
പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശരേഖ പുറത്തായത്. പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയില്ലെന്നു ക്യാംപെയ്ൻ കമ്മിറ്റി നേരത്തെ തന്നെ ആരോപിച്ചിരുന്നു. 15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് അഭിമുഖത്തിൽ 30 മാർക്കും സി.ഗണേഷിന് 28 മാർക്കും നൽകിയതു പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകണമെന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നതിന്റെ തെളിവാണെന്നു ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. രേഖകൾ ഗവർണർക്കു സമർപ്പിച്ചതായും അവർ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക