തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു

റിയാദിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ച സംഭവത്തിൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. റിയാദിന് വടക്ക് അൽ-തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറു വിമാനം ഇന്ന് (ചൊവ്വാഴ്‌ച) രാവിലെയാണ് തകർന്ന് വീണതായി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചത്.

വിമാനത്തിൽ ട്രെയിനി പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 06:30 ന് പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിന് ശേഷം അപായ സന്ദേശം അയച്ചതായും ബന്ധം നഷ്ടപ്പെട്ടതായും അധികൃതർ ചൂണ്ടിക്കാട്ടി. ടെക്നാം ഇനത്തിൽ പെട്ട HZ-BAD1വിമാനമാണ് അപകടത്തിൽ പെട്ടത്.

ബന്ധം നഷ്ടപ്പെട്ടതോടെ ഏവിയേഷൻ അക്കാദമിയിൽ നിന്ന് മറ്റൊരു വിമാനം തിരച്ചിലിനായി അയക്കുകയും അപകടത്തിൽ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ അൽ തുമാമ വിമാനത്താവളത്തിന് 5 കിലോമീറ്റർ വടക്ക് ഭാഗത്തായി കണ്ടെത്തുകയും ചെയ്തു.

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 29 കിലോമീറ്റർ വടക്കായാണ് തുമാമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.  രാജ്യത്തെ ഏറ്റവും നീളം കൂടിയ റൺവേകളിലൊന്ന് ഈ എയർപോർട്ടിലാണുള്ളത്.

സൌദി ഏവിയേഷൻ ക്ലബിലെ അംഗങ്ങളുടെ പ്രവർത്തന മേഖലയാണ് തുമാമ വിമാനത്താവളം. കുതിര സവാരി, ഫോർ വീലർ ഡ്രിഫ്റ്റിംഗ്, പൊതു വ്യോമയാനം, കായികം, സ്പാ പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഇവിടെ പരിശീലിക്കുന്നു. തീം പാർക്കുകൾ, ഡെസേർട്ട് പിക്നിക്കുകൾ, ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്.

അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ ഒരു സംഘത്തെ ചുമതലപ്പെടുത്തിയതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!