മക്കയിൽ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി; കിരീടാവകാശി ചടങ്ങിന് നേതൃത്വം നൽകി – വീഡിയോ

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ കഅ്​ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവി​നെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകി. കായിക മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കിയോടൊപ്പം ഹറമിലെത്തിയ​ കിരീടാവകാശിയെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ സ്വീകരിച്ചു.

കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കിയ കിരീടവകാശി ത്വവാഫിൻ്റെ സുന്നത്ത് നമസ്കാരം നിർവഹിച്ച ശേഷമാണ് കഅബക്കകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് കഅ്​ബ കഴുകുന്നതിൽ പങ്കാളിയായി.

പനനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ച് കഅബയുടെ അകത്തെ ചുമരുകൾ തുടച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കനത്ത സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിന് ഉംറ തീർഥാടകരുൾപ്പെടെ ആയിരകണക്കിന് വിശ്വാസികൾ സാക്ഷിയായി. മുൻ വർഷങ്ങളിലെ പോലെ വിദേശ പ്രതിനിധികളോ നയതന്ത്ര പ്രതിനിധികളോ ഇത്തവണ പങ്കെടുത്തതായി ഇത് വരെ റിപ്പോർട്ടുകളില്ല. കോവിഡിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞ വർഷവും വിദേശ പ്രതിനിധികളില്ലാതെയായിരുന്നു കഅബ കഴുകൽ ചടങ്ങ് പൂർത്തിയാക്കിയത്.

ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ, ജിദ്ദ ഗവർണർ സഊദ് ബിൻ അബ്​ദുല്ല ബിൻജലാവി, പണ്ഡിത സഭാംഗങ്ങളായ​ ശൈഖ്​ സാലിഹ് ബിൻ അബ്​ദുല്ല ബിൻ ഹുമൈദ്, ശൈഖ്​ അബ്​ദുല്ല ബിൻ മുഹമ്മദ് അൽമുത്‌ലഖ്, ശൈഖ്​ സഅദ് ബിൻ നാസിർ അൽശത്​രി, ശൈഖ്​ ബന്ദർ ബിൻ അബ്​ദുൽ അസീസ് ബലില, കഅ്​ബയുടെ പരിചാരകൻ എന്നിവരും ചടങ്ങിൽ പങ്കാളികളായി.

മക്ക വിജയത്തിന് ശേഷം പ്രവാചകൻ മുഹമ്മദ് നബി തുടങ്ങി വെച്ചതാണ് കഅബ കഴുകൽ ചടങ്ങ്. അബ്ദുൽ അസീസ് രാജാവിൻ്റെ നേതൃത്വത്തിൽ ആധുനിക സൌദി അറേബ്യ നിലവിൽ വന്ന ശേഷം വർഷത്തിൽ രണ്ട് തവണ കഅബ കഴുകാറുണ്ട്. ഹിജ്റ വർഷാരംഭമായ മുഹറം മാസത്തിലും, റമദാനിന് മുന്നോടിയായി ശഅബാൻ മാസത്തിലുമാണ് കഅ്ബ കഴുകൽ നടന്ന് വരുന്നത്.  സംസം വെള്ളം, ത്വാഇഫ് റോസ്, ഊദ് എന്നിവയാണ് കഴുകാനായി ഉപയോഗിക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share
error: Content is protected !!