വ്ളോഗർ റിഫയുടെ ദുരൂഹ മരണം: ഭർത്താവ് മെഹനാസ് അറസ്റ്റിൽ
വ്ലോഗർ റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. മെഹ്നാസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മെഹ്നാസിനെ കാസർക്കോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തും. അന്വേഷണം ദുബായിയിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിഫയുടെ കുടുംബം കോടതിയിൽ ഹരജി നൽകി.
റിഫയുടേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ മാർച്ച് ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് മെഹ്നാസിന്‍റെ ശാരീരക മാനസിക പീഡനത്തെ തുടർന്നാണ് റിഫ മരിച്ചതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ദുബൈയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചതെന്നാണ് മെഹ്നാസ് പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ റിഫയുടെ മരണത്തിൽ മെഹ്നാസിന്‍റെ പങ്കിനെക്കുറിച്ചുള്ള സംശയം വർധിച്ചു. മരണത്തിന് ശേഷം തിരിച്ചുപോയ മെഹ്നാസ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിഫയുടെ കുടുംബം പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക