ആറാം ക്ലാസ് വിദ്യാർഥിനിക്ക് ക്രൂര പീഡനം; മലം തീറ്റിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

കൊച്ചി: പറവൂരിൽ ആറാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. കുട്ടിയെ കൊണ്ട് മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കർ രമ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാട്ടുകര സ്വദേശിയെ രമ്യയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിയ്ക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതര്‍ പറയുന്നത്. സ്കൂൾ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. ശേഷം ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു. രമ്യയെ അറസ്റ്റ് ചെയ്തു. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ് രമ്യ.

നിരന്തരം മദ്യപാനിയാണ് അച്ഛൻ. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് അച്ഛൻ പറഞ്ഞ് ഇവരെ വീട്ടിൽ നിർത്തുകയായിരുന്നു. എന്നാൽ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

റിമാൻഡിലായ രമ്യക്ക് 5 വയസ്സുള്ള പെൺകുട്ടിയുണ്ട്. മർദ്ദനത്തിനിരയായ കുട്ടി അമ്മയുടെ പിതാവിന്‍റെ സംരക്ഷണത്തിലാണിപ്പോൾ. കുട്ടിയെ വിട്ടു കിട്ടുവാൻ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്. പറവൂർ എസ് ഐ പ്രശാന്ത് പി നായർക്കാണ് അന്വേഷണ ചുമതലയെന്ന് ഡിവൈഎസ്പി എം കെ മുരളി പറഞ്ഞു.

ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്(എൻ.എഫ്.പി.ആർ), ഹ്യൂമൺ റൈറ്റ്സ് ഫോറം ഇൻഡ്യ എന്നീ സംഘടനകളും പൊതു പ്രവർത്തകൻ സോമൻ കെ പറവൂരും ഈ വിഷയത്തിൽ ഇടപ്പെട്ടിരുന്നു.

കുട്ടിയ്ക്ക് ചേച്ചി കൂടിയുണ്ട്. ഇവരുടെ നേരെയും ഇത്തരത്തിൽ പീഡനങ്ങൾ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇരുവരേയും ഒന്നിച്ചിരുത്തി ചൈൽഡ് ലൈൻ മൊഴി എടുക്കും.

നിരന്തരമായി രമ്യ കുട്ടിയെ പീഡിപ്പിച്ചിരുന്നു. പുറത്തു പറയാതിരിക്കാൻ ഇരുമ്പു വടിക്ക് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്കൂൾ അധികൃതർ കാര്യം തിരക്കുകയായിരുന്നു. എന്നാൽ ആദ്യമൊന്നും കുട്ടി ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങളൊക്കെ അധ്യാപകരോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും കുട്ടി വ്യക്തമാക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!