സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ചു; വിഡിയോ വൈറലായി, വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി

സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിമാനത്തിനകത്ത് സിഗരറ്റ് വലിക്കുന്നത് വിഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വിഡിയോ മന്ത്രിയെയും വ്യോമയാനമന്ത്രാലയത്തെയും ടാഗ് ചെയ്ത് വീണ്ടും ട്വിറ്ററിൽ കുത്തിപ്പൊക്കിയതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

 

ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എസ്ജി 706 വിമാനത്തിലാണ് സംഭവം. സോഷ്യൽമിഡിയ ഇൻഫ്ളുവൻസറും ഗുഡ്ഗാവ് സ്വദേശിയുമായ ബോബി കതാരിയയാണ് വിമാനത്തിനകത്ത് സിഗരറ്റ് കത്തിച്ചത്. സോഷ്യൽമിഡിയയിൽ വിഡിയോ പ്രചരിച്ചതിനുപിന്നാലെ ഇയാൾക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പൊലീസ് സ്റ്റേഷനിൽ സ്‌പൈസ് ജെറ്റ് പരാതി നൽകിയിരുന്നു.

യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ബോബിക്ക് ഇൻസ്റ്റഗ്രാമിൽ 6.30 ലക്ഷത്തിലധികം ഫോളോവഴ്സ് ഉണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!