സൗദി വിസ സ്റ്റാമ്പിങിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ? പ്രവാസികളെ എങ്ങിനെ ബാധിക്കും ? യാഥാർത്ഥ്യം ഇതാണ്‌

സൗദിയിലേക്കുള്ള വിസാ സ്റ്റാമ്പിങിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി പ്രചരിക്കുന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നവർ ഓഗസ്റ്റ് 22 മുതൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) കൂടി സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം.

എന്നാൽ ഇത് ഒരു പുതിയ കാര്യമല്ല. ഡൽഹിയിലെ സൗദി എംബസി വഴി വിസ സ്റ്റാമ്പ് ചെയ്തിരുന്നവർ നേരത്തെ തന്നെ ഇത് സമർപ്പിക്കുന്നുണ്ട്. ഈ രീതി മുംബൈയിലേക്ക് കൂടി വ്യാപിപ്പിച്ചു എന്ന് മാത്രമാണുള്ളത്. എന്നാൽ ഇത് മൂലം പ്രവാസികൾക്ക് യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാകില്ല. ഇതിനായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടതുമില്ല.

സൌദിയിലേക്ക് ജോലിക്ക് വരുന്നവർ ക്രിമിനൽ പശ്ചാതലമുള്ളവരാകരുത് എന്ന സൗദിയുടെ നിലപാടാണ് ഇതിന് കാരണം. അതിനാൽ ഏതെങ്കിലും ക്രിമിനൽ  കേസുകളിൽ പ്രതികളായവരെ മാത്രമേ ഇത് ദോഷകരമാകുകയുള്ളൂ. ട്രാഫിക് പിഴ, മറ്റ് പെറ്റി കേസുകളൊന്നും വിസ സ്റ്റാമ്പ് ചെയ്ത് കിട്ടുന്നതിനെ ദോഷകരമായി ബാധിക്കില്ല. കഴിഞ്ഞ മാസം മുതൽ കുവൈത്തിലേക്ക് പുതിയ തൊഴിൽ വിസയിൽ പോകുന്നവർക്കും ഈ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.

പുതിയ തീരുമാനപ്രകാരം ഇനി സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പൂർത്തിയാക്കാൻ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കണം. പി.സി.സി നേടുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. അപേക്ഷ ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്. കുവൈത്ത് പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർ ഈ രീതിയിൽ പ്രയാസ രഹിതമായി പിസിസി നേടിക്കൊണ്ടാണ് പോകുന്നതും.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാൻ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടതില്ല. പാസ്സ്‌പോർട്ട് സേവ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനിൽ അപേക്ഷ നൽകുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനായുള്ള അപ്പോയിന്റ്‌മെന്റ് തിയതി ലഭിക്കും. അപേക്ഷയോടൊപ്പം 500 രൂപ ഫീസ് നൽകണം. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാം. പരമാവധി 48  മണിക്കൂറാണ് ഇതിന് സമയമെടുക്കുക.

 

https://www.passportindia.gov.in/AppOnlineProject/online/pccOnlineApp എന്ന ലിങ്ക് വഴിയാണ് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്. ഈ ലിങ്ക് തുറന്ന ശേഷം Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് Apply for police Clearance Certificate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക. ശേഷം view saved submitted application എന്നതിൽ നിന്നും  pay and schedule appointment എന്നത് തെരഞ്ഞെടുത്ത് ഫീസ് അടക്കണം. ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക.

പ്രിൻ്റ് ചെയ്ത രസീതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നേടാം. മൊബൈൽ ഫോണിൽ നിന്ന് ലളിതമായ നടപടിക്രമങ്ങളിലൂടെ സ്വന്തമായി ചെയ്യാവുന്ന കാര്യമാണിത്. ഒറ്റക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് അക്ഷയ പോലുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയോ വിസ സ്റ്റാമ്പ് ചെയ്യാൻ നൽകുന്ന ട്രാവൽ ഏജൻസികൾ വഴിയോ ഇത് ചെയ്യാനാകും.

എന്നാൽ സൌദിയിലേക്ക് വരുന്ന എല്ലാവർക്കും ഇത് ബാധകമല്ല. പുതിയ തൊഴിൽ വിസയിൽ വരുന്നവർ മാത്രമാണ് ഈ നടപടിക്രമങ്ങൾ പാലിക്കേണ്ടത്. നിവലിൽ സൌദിയിൽ ഇഖാമയുള്ളവർക്കോ, സന്ദർശന വിസയിലോ, ടൂറിസ്റ്റ് വിസയിലോ, ഉംറ വിസയിലോ വരുന്നവർക്കും ഇത് ബാധകമല്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!