സ്വർണക്കടത്ത് സംഘത്തിന്‍റെ കസ്റ്റഡിയിലല്ലെന്ന് പറഞ്ഞ് ജസീൽ ഫോണിൽ സംസാരിച്ചു; കേസ് പിൻവലിക്കുന്നുവെന്നും പിതാവ്. സംഭവത്തിൽ ദുരൂഹതയെന്ന് സുഹൃത്തുക്കൾ
കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ജസീൽ മാസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലല്ലെന്നും സുഖമായിരിക്കുന്നുവെന്നും ജസീൽ അറിയിച്ചതായി പിതാവ് അബ്ദുൽ ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
അതിനാൽ ജസീലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ നൽകിയ പരാതി പിൻവലിക്കുകയാണെന്നും, ഇക്കാര്യത്തിൽ പിന്നീട് ആവശ്യമായി വന്നാൽ തീരുമാനമെടുക്കുമെന്നും ജലീൽ പറഞ്ഞു. കഴിഞ്ഞ മെയിലാണ് ജസീൽ അവസാനമായി കുടുംബാംഗങ്ങളെ വിളിച്ചിരുന്നത്.
കൊല്ലപ്പെട്ട ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരനായ ജസീൽ ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് 916 നാസർ എന്ന സ്വാലിഹിന്‍റെ സംഘമാണെന്നും പ്രചരിച്ചു. കൂടാതെ, ജസീലിന് ക്രൂര മര്‍ദനമേറ്റതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് മകൻ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്.
കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വർണ കടത്തിന് വേണ്ടി സ്വാലിഹിന്‍റെ സംഘവുമായി പരിചയപ്പെടുത്തിയത് ഇടനിലക്കാരൻ ജസീലായിരുന്നു. എന്നാൽ, നാട്ടിലെത്തിയ ഇര്‍ഷാദ് സ്വര്‍ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വർണം നഷ്ടപ്പെട്ടതോടെ സ്വാലിഹിന്‍റെ സംഘം ജസീലിനെ തടങ്കലിലാക്കുകയായിരുന്നു. ഇതേതുടർന്നാണ് സ്വാലിഹ് നാട്ടിലെത്തിയതും ഇർഷാദിനെ തട്ടിക്കൊണ്ടു പോയതുമെന്നാണ് പൊലീസ് കണ്ടെത്തൽ.
എന്നാൽ ജസീലിൻ്റെ സംഭവത്തിൽ ദുരൂഹത തോന്നുന്നതായി സുഹൃത്തുക്കൾ പറയുന്നു. അവൻ സുരക്ഷിതനാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സുഹൃത്തുക്കൾ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മെയ് മാസം അവസാനമായി വിളിച്ച ജസീൽ ഇത്ര നാൾ എന്ത് കൊണ്ട് വിളിച്ചില്ല. ജസീൽ ദുബായിയിൽ സ്വർണകടത്തുകാരുടെ തടവിലാണെന്ന വാർത്ത പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും എന്ത് കൊണ്ട് താൻ സുരക്ഷിതനാണെന്ന് പറഞ്ഞ് ജസീൽ വീട്ടിലേക്ക് വളിച്ചില്ല. ഇപ്പോൾ താൻ സ്വർണകടത്ത് സംഘത്തിൻ്റെ പിടിയിലല്ലെന്നും സുഖമായിരിക്കുന്നുമെന്നും പറഞ്ഞ് വീട്ടുകാരെ വിളിച്ചു എന്ന് പറയുന്നത് സംശയം വർധിപ്പിക്കുന്നു. മാത്രവുമല്ല പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല എന്ന് മാധ്യമ പ്രവർത്തകരെ അറിയിച്ചതും ദുരൂഹത വർധിപ്പിക്കുന്നതാണ്.
കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലാത്തവർക്ക് കേസ് പിൻവലിച്ചാൽ മാത്രം മതിയല്ലോ, അതെന്തിനാണ് മാധ്യമ പ്രവർത്തകരെ അറിയിക്കുന്നത്. അപ്പോൾ അതിന് പിന്നിൽ ചില ഗൂഢ ലക്ഷ്യങ്ങളുണ്ട്. ജസീൽ സുരക്ഷിതനായിരിക്കുന്നുവെങ്കിൽ എന്ത് കൊണ്ട് ദുബായിലുള്ള സുഹൃത്തുക്കൾക്കോ നാട്ടുകാർക്കോ മുന്നിൽ വരുന്നില്ല. അല്ലെങ്കിൽ ദുബായിലെ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നില്ല. പിതാവ് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതിനേക്കാൾ വിശ്വാസയോഗ്യമല്ലേ ജസീൽ തന്നെ നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാകുന്നത്. മാരകമായി ആക്രമിക്കപ്പെട്ട നിലയിൽ ജസീലിൻ്റെ ചിത്രം പുറത്ത് വന്നിരുന്നു. പിന്നെ എങ്ങിനെയാണ് ജസീൽ സുരക്ഷിതനാണെന്ന് വിശ്വസിക്കുക. കേസ് പിൻവലിപ്പിച്ചതിലും, താൻ സുരക്ഷിതനാണെന്ന് പറഞ്ഞ് ജസീൽ വിളിച്ചു എന്ന് പറയുന്നതിനും പിന്നിൽ സ്വർണകടത്ത് സംഘമാണെന്ന് തന്നെ സംശയിക്കുന്നതായും സുഹൃത്തുക്കൾ പറയുന്നു.
കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക