അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ കസ്റ്റംസിന് കൈമാണം
ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാരുടേയും വിവരങ്ങള്‍ വിമാനക്കമ്പനികള്‍ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറേണ്ടിവരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (CBIC) വിമാനക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി സിഎന്‍ബിസി റിപ്പോര്‍ട്ടുചെയ്തു.
യാത്രാസമയത്തിന് 24 മണിക്കൂര്‍ മുമ്പ് പാസഞ്ചര്‍ നെയിം റെക്കോഡ് ( PNR) നിര്‍ബന്ധമായും കൈമാറണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ നിയമമായ പാസഞ്ചര്‍ നെയിം റെക്കോഡ് റെഗുലേഷന്‍സ്, 2022 അനുസരിച്ചാണ് പുതിയ നിര്‍ദേശം. സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളക്കടത്ത് പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനുമാണ് പുതിയ നിയമം.
തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് യാത്രക്കാരന്റെ പേര്, യാത്ര ചെയ്യുന്ന തീയതി, യാത്രക്കാരനെ ബന്ധപ്പെടാനുള്ള ലഭ്യമായ വിവരങ്ങള്‍, പണമൊടുക്കുന്നതോ ബില്ലൊടുക്കുന്നതോ ആയ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, കണ്‍ഫര്‍മേഷന്‍, ചെക്ക്-ഇന്‍-സ്റ്റാറ്റസ്, ബാഗേജ് വിവരങ്ങള്‍, ടിക്കറ്റ് അനുവദിച്ചു നല്‍കിയ ട്രാവല്‍ ഏജന്‍സിയുടേയോ ഏജന്റിന്റേയോ വിവരം തുടങ്ങിയവ ഉള്‍പ്പെടെ 19 ഡാറ്റ പോയിന്റുകളാണ് കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറേണ്ടത്.