മൈസൂർ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിൻ്റെ കൊലപാതകം: ബുദ്ധികേന്ദ്രമായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ സുന്ദരന്‍ സുകുമാരനും കീഴടങ്ങി

മൈസൂരു സ്വദേശി പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതക കേസില്‍ നിര്‍ണായക പ്രതിയെന്ന് പോലീസ് കരുതുന്ന റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ സുന്ദരന്‍ സുകുമാരന്‍ കീഴടങ്ങി. പ്രധാന പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ജാമ്യാപേക്ഷയും സുന്ദരന്‍ സുകുമാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളുകയും 88-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് സുന്ദരന്‍ സുകുമാരന്റെ കീഴടങ്ങല്‍.

മുട്ടം കോടതിയിലെത്തി കീഴടങ്ങിയ സുന്ദരന്‍ സുകുമാരനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. നാട്ടുവൈദ്യന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് എങ്ങനെ തെളിവ് നശിപ്പിക്കാമെന്ന് പശിശീലനം നല്‍കുകയും നിര്‍ദേശം നല്‍കുകയും ചെയ്തത് സുന്ദരന്‍ സുകുമാരനായിരുന്നുവെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒളവിലായിരുന്നു. സുന്ദരന്‍ മംഗലാപുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കീഴടങ്ങല്‍.

3,177 പേജുകളുള്ള കുറ്റപത്രമാണ് കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്ച നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സഹചര്യവും ഇല്ലാതായി.

നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫാണ് പ്രധാന പ്രതി. പ്രതിപ്പട്ടികയിലുള്ള പന്ത്രണ്ടുപേരില്‍ ഇനി രണ്ടു പേരെ പിടികൂടാനുണ്ട്. കൊലപാതകം തെളിയിക്കുന്ന ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളുമാണ് കുറ്റപത്രത്തില്‍ പോലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫൊറന്‍സിക് ലാബില്‍നിന്ന് കിട്ടിയ പരിശോധനാ റിപ്പോര്‍ട്ടും കുറ്റപത്രത്തിലുണ്ട്. കേസില്‍ 107 സാക്ഷികളാണുള്ളത്.

കുറ്റപത്രം സമര്‍പ്പിച്ച സഹചര്യത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. മൂന്നുവര്‍ഷംമുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും 88-ാം ദിവസംതന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതും അന്വേഷണസംഘത്തിന്റെ മികവാണ്.

ഷാബാ ഷെരീഫിനെ ഷൈബിന്‍ അഷ്‌റഫ് മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് ഒന്നേകാല്‍ വര്‍ഷത്തോളം വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളിയെന്നാണ് കേസ്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള ഒന്‍പതുപേരെ ഇതിനകം അറസ്റ്റുചെയ്തു. ഒരാള്‍ ഇന്ന് കീഴടങ്ങുകയും ചെയ്തു. ഇതില്‍ രണ്ടുപേര്‍ പ്രതികളെ സഹായിച്ചവരാണ്. ഷാബാ ഷെരീഫിന്റെ മൃതദേഹത്തിനായി ചാലിയാര്‍പ്പുഴയില്‍ നാവികസേനയുള്‍പ്പെടെ തിരച്ചില്‍ നടത്തിരുന്നെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ.

കഴിഞ്ഞ ഏപ്രില്‍ 23-ന് വീട്ടില്‍ക്കയറി ഒരുസംഘം തന്നെ മര്‍ദിച്ചൂവെന്ന ഷൈബിന്റെ പരാതിയാണ് കേസില്‍ വഴിത്തിരവായത്. ഷൈബിനെ അക്രമിച്ച കേസിലുള്‍പ്പെട്ട അഞ്ച് പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനുമുന്നില്‍ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെ ചോദ്യംചെയ്തതോടെ ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

നിലമ്പൂരിലെ ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ്(32), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്(41), വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍, (30), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുള്‍വാഹിദ് (26), ഷൈബിന്‍ അഷറഫിന്റെ ഭാര്യ ഫസ്‌ന (28). ഇവര്‍ റിമാന്‍ഡിലാണ്.

പ്രതികളെ സഹായിച്ച മൂന്നുപേര്‍ക്ക് ജാമ്യംലഭിച്ചു. മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം (പൊരി ഷമീം-32), ഷൈബിന്റെ സഹായി റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍. തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബാ ഷരീഫിന്റെ ഓഡി കാറും തൊണ്ടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, എസ്.ഐ. മാരായ നവീന്‍ ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ്‌കുമാര്‍, വി.കെ. പ്രദീപ്, എ. ജാഫര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, അന്‍വര്‍ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!