ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കും

ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കായിക മാമാങ്കമാണ് 2022 ഫുട്‌ബോള്‍ ലോകകപ്പ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബര്‍ 21 നാണ് ലോകകപ്പ് തുടങ്ങുന്നത്. എന്നാല്‍ 21 ന് മുന്‍പായി ലോകകപ്പ് ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

നേരത്തേ നിശ്ചയിച്ച തീയ്യതിയ്ക്ക് ഒരു ദിവസം മുന്‍പ് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് നവംബര്‍ 20 ന് മത്സരങ്ങള്‍ ആരംഭിക്കും. ഈ വാര്‍ത്ത അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതര്‍ലന്‍ഡ്‌സ്-സെനഗല്‍ പോരാട്ടമാണ് ഉദ്ഘാടന മത്സരം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മത്സരത്തിന് പകരം ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. ഈ മത്സരം നവംബര്‍ 20 ന് ആരംഭിക്കും. എന്നാല്‍ ഫൈനലടക്കമുള്ള മറ്റുമത്സരങ്ങള്‍ക്ക് മാറ്റമില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ഫൈനല്‍ ഡിസംബര്‍ 18 ന് തന്നെ നടക്കും.

കഴിഞ്ഞ നാല് ലോകകപ്പിലും ആതിഥേയരായ ടീമാണ് ആദ്യ മത്സരം കളിച്ചത്. ഇത്തവണ അതിന് മാറ്റമുണ്ടായി. അതുകൊണ്ടാണ് ടൂര്‍ണമെന്റ് ഒരുദിവസം മുന്‍പ് ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2002-ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടന മത്സരം കളിച്ചത്. അന്ന് ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ സെനഗല്‍ അട്ടിമറിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!