സഹപാഠി സൗജന്യമായി ലഹരി നൽകി 11 പെൺകുട്ടികളെ പീഡിപ്പിച്ചു; ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് രക്ഷിതാക്കൾ

കണ്ണൂരിൽ സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയിൽ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെൺകുട്ടികളെ അറിയാമെന്നും പെൺകുട്ടി പറഞ്ഞു. ഈ 11 കുട്ടികളും ഇതേ സ്കൂളിൽ തന്നെ പഠിക്കുന്നവരാണ്. മറ്റാർക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.

മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.

എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണു സംഘം സൗജന്യമായി നൽകുന്നത്. സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മർദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നൽകിയതത്രെ. ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.

ആദ്യം സൗജന്യമായി നൽകി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വിൽക്കാൻ പ്രോൽസാഹിപ്പിക്കും. ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉൾപ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലിൽ രക്ഷപെട്ടതായും പെൺകുട്ടി പറഞ്ഞു.

ഇനിയൊരു കുട്ടികൾക്കും ഈ അവസ്ഥ ഉണ്ടാകാൻ പാടില്ല. അതിനാണ് ഞങ്ങൾ ഇക്കാര്യം തുറന്ന് പറയുന്നതെന്ന് പെണ്കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവനെ രണ്ട് ദിവസം ജുവനൈൽ  ഹോമിൽ  തടവിൽ  പാർപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ അവൻ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നറിഞ്ഞു.. അത് ഞങ്ങളെ ഭയപ്പെടുത്തുന്നു. ഞങ്ങൾ വീട് മാറുവാനുള്ള ഒരുക്കത്തിലാണ്. നിലവിലുള്ള ഞങ്ങളുടെ താമസ സ്ഥലം അവന് അറിയാം. അതിനാൽ ഞങ്ങൾക്ക് ഭയമുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

കണ്ണൂരിൽ തന്നെ ലഹരി മരുന്നിൻ്റെ ഏറ്റവും വലിയ ഡീലറാണ് 16 കാരനായ ഈ സഹപാഠി. മറ്റു പല പെണ്‍കുട്ടികൾക്കും ലഹരി എത്തിക്കുന്നത് ഇവനാണ്. അതിൽ ഒരു കുട്ടി അവൻ്റെ തൊട്ടു അയൽവാസി തന്നെയാണ്. ഇവരിൽ ചില കുട്ടികൾ ഇവരേക്കാൾ പ്രായം  ഉള്ളവരുണ്ട്. ചില കുട്ടികൾ പ്ലസ് ടൂവിന് പഠിക്കുന്നവരാണ്. സൌജന്യമായി ലഹരി നൽകി പീഡിപ്പിക്കപ്പെട്ട 11 പെണ് കുട്ടികളും ഒരേ സ്കൂളിൽ നിന്നുള്ളവരാണ്. സ്കൂൾ മാനേജറോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

ഈ സ്കൂളിൽ പെണ്‍കുട്ടികൾ വളരെ കുറവാണ്. എൻ്റെ കുട്ടി പഠിക്കുന്ന ക്ലാസിൽ ആകെ രണ്ട് പെണ്‍കുട്ടികൾ മാത്രമാണുള്ളത്. എന്ത് കൊണ്ടാണ് ഇവിടെ മാത്രം പെണ്‍കുട്ടികളുടെ എണ്ണം ഇത്രയും കുറവാകുന്നത് എന്ന് മനസ്സിലാകുന്നില്ല. നേരത്തെ മഹാരാഷ്ട്രയിലായിരുന്നു മകൾ പഠിച്ചിരുന്നത്. അവിടെ നിന്ന് കണ്ണൂരിലെ ഈ സ്കൂളിലേക്ക് മാറിയപ്പോൾ പലതരം റാഗിംങ്ങിനും എൻ്റെ മകൾ ബലിയാടായിട്ടുണ്ട്. അപ്പോഴെല്ലാം നല്ല സൌഹൃദമായി കൂട്ടുകൂടി ആളാണ് ഇപ്പോൾ പ്രതിയായി മാറിയതെന്നും പിതാവ് വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!