തിരമാലയിൽ കുടുങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകനും, കാർ ഒഴുക്കിൽപ്പെട്ട് സൗദി പൗരനും മുങ്ങിമരിച്ചു – വീഡിയോ
സൗദിയിൽ രണ്ട് പേർകൂടി മുങ്ങിമരിച്ചു. ജിദ്ദ ബീച്ചിൽ ശക്തമായ തിരയിൽ പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഒരാൾ മരിച്ചത്. മക്കയിൽ തോർബ ഗവർണറേറ്റിൽ ഒഴുക്കിൽപ്പെട്ട കാറിനുള്ളിൽ സൗദി പൗരൻ മരിച്ചതാണ് മറ്റൊരു സംഭവം. ഇതുൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മുങ്ങിമരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
മക്കയിൽ തോർബ ഗവർണറേറ്റിലെ ഖവാമ സെന്ററിലെ വാദി കരയിൽ ഒഴുക്കിൽപ്പെട്ട കാറിനുള്ളിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സൗദി പൗരനായ അബ്ദുല്ല നാസർ അൽ ബഖാമിയെയാണ്. ഞായാറാഴ്ചയാണ് കാറിനുള്ളിൽ മുങ്ങി മരിച്ച നിലയിൽ സിവിൽ ഡിഫൻസ് വിഭാഗം ഇദ്ദേഹത്തെ കണ്ടെത്തുന്നത്.
ഇയാളും മറ്റു മൂന്ന് പേരും യാത്ര ചെയ്തിരുന്ന കാർ ശക്തമായ മഴകാരണം ഒഴുക്കിൽപെടുകയായിരുന്നു. വാഹനം ഒഴുക്കിൽപ്പെട്ടതായി മനസ്സിലാക്കിയ ഇവർ, കാറിൻ്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേരും വാതിൽ തള്ളി തുറന്ന് പുറത്ത് കടന്നെങ്കിലും അബ്ദുല്ല നാസറിന് വാതിൽ തുറക്കാൻ പറ്റാതെ അകത്ത് കുടങ്ങുകയായിരുന്നു. പ്രദേശത്ത് സിവിൽ ഡിഫൻസ് വിഭാഗവും മറ്റു അനുബന്ധ വിഭാഗങ്ങളും നടത്തിയ തിരച്ചിലിലാണ് കാറിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
بعد 3 أيام من فقدانه .. العثور على مفقود "القوامة" بــ #مكة_المكرمة متوفى#مفقود_القوامهhttps://t.co/6EhDS05O1k pic.twitter.com/r7fQhwcr9b
— أخبار 24 – السعودية (@Akhbaar24) August 9, 2022
ജിദ്ദ ബീച്ചിൽ ശക്തമായ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യൂനിവേഴ്‌സിറ്റി അധ്യാപകനായിരുന്ന ഡോ. ഹുസൈൻ തിരമാലയിൽപ്പെട്ട് മുങ്ങിമരിച്ചത്.
മകൻ ശക്തമായ തിരമാലയിൽ പെട്ടത് കണ്ട് മകനെ രക്ഷിക്കാൻ ശ്രമിച്ച് ഡോ. ഹുസൈൻ അൽഹബശി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ശക്തമായ തിരയിൽ പെട്ട് ഡോ. ഹുസൈൻ അൽഹബശി ആഴമേറിയ ഭാഗത്തേക്ക് ഒഴുകിപ്പോവുകയും മുങ്ങിമരിക്കുകയുമായിരുന്നു.
ജിദ്ദ കടലിൽ അപകടത്തിൽപ്പെട്ട രണ്ടു യുവതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ലേഡി ഡോക്ടറും അവരുടെ സഹപ്രവർത്തകയും കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ തിരയിൽപ്പെട്ട് മരിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ഡോ. ഹുസൈൻ അൽഹബശിയും സ്വന്തം കുടുബാംഗങ്ങളുടെ കൺമുന്നിൽ മുങ്ങിമരിച്ചത്.
അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ പ്രദേശങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതകളുള്ളതിനാൽ ജാഗ്രതപാലിക്കണമെന്നും, വെള്ളപ്പാച്ചിനും ഒഴുക്കിനും സാധ്യയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും “സിവിൽ ഡിഫൻസ്” മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക