വനത്തിന് നടുവിൽ ബോയിംഗ് 737 വിമാനം. അമ്പരപ്പിക്കുന്ന വിശേഷങ്ങളറിയാം – ഫോട്ടോകൾ
വനത്തിന് നടുവിൽ ഒരു ബോയിംഗ് 737 വിമാനം. കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന ഈ വിമാനമുള്ളത് ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ ഒരു വനത്തിനുള്ളിലാണ്. വർഷങ്ങളായി വിമാനം ഇവിടെയുണ്ട്. അവസാനം ഇത് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറി.
ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ പ്രധാന കേന്ദ്രത്തിൽ നിന്നും, പാണ്ഡവയിലെ പ്രശസ്തമായ ടൂറിസ്റ്റ് ബീച്ചിൽ നിന്നും അധികം ദൂരയല്ലാതെയാണ് വിമാനം നിലകൊള്ളുന്നത്.
എങ്ങിനെ ഈ വിമാനം ഇവിടെ എത്തി എന്നത് അവ്യക്തമാണ്. എങ്കിലും ദ്വീപ് നിവാസികളിൽ പലരും വിശ്വസിക്കുന്നത് ഇങ്ങിനെയാണ്. “വിമാനത്തിനകത്ത് ഒരു റസ്റ്റോറൻ്റ് സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഒരു ബിസിനസ്സുകാരൻ വിമാനം പല ഭാഗങ്ങളായി ഇവിടേക്ക് കൊണ്ടുവന്നു. ശേഷം ഇവിടെ വെച്ച് കൂട്ടിച്ചേർത്തു. എന്നാൽ പദ്ധതി നടപ്പിലാക്കാനാവശ്യമായ പണം തികയാതെ വന്നപ്പോൾ ശ്രമം പാതി വഴിയിൽ നിറുത്തേണ്ടി വന്നു. അവസാനം വിമാനം ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി”. ഇതാണ് ബ്രീട്ടീഷ് പത്രമായ “ഡെയ്ലി മെയിൽ” ഉൾപ്പെടെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ രാജ്യത്തിൻ്റെ പലഭാഗത്തായുണ്ട്. ഒരു ഡോനട്ട് ഷോപ്പിനടുത്താണ് മറ്റൊരു വിമാനമുള്ളത്. ഷോപ്പിനോട് ചേർന്നാണ് വിമാനമുള്ളത്. അതിൻ്റെ ഒരു വശത്തെ ചിറക് ഷോപ്പിൻ്റെ ഭിത്തി വരെ എത്തി നിൽക്കുന്നതായി കാണാം. ചിറകിന് താഴ്ഭാഗത്തായി ഒരു റോഡുമുണ്ട്. എഞ്ചിനില്ലാത്ത ഈ വിമാനം പൂർത്തിയാകാത്ത ഒരു റെസ്റ്റോറന്റിനുള്ള ആശയമാണെന്ന് കരുതപ്പെടുന്നു. 2007 മുതലാണ് ഈ വിമാനം ഇവിടെ സ്ഥാനം പിടിച്ചത്. 2018 ലെ ഒരു പാർട്ടിയിൽ ഇത് ഉപയോഗിച്ചുവെന്നും പറയപ്പെടുന്നു.
കടലിന് അഭിമുഖമായി നിൽക്കുന്ന ഒരു പാറക്ക് മുകളിലായാണ് മൂന്നമാത്തെ വിമാനത്തിൻ്റെ സ്ഥാനം. കോവിഡ് മഹാമാരി മൂലം തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഈ വിമാനം സായകരമാകുമെന്നാണ് വിമാനം വാങ്ങിയ നിക്ഷേപകൻ പറയുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക