ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു; പുതിയ സർക്കാരിൽ വീണ്ടും മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രിയാകും

ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയത്. ആർജെ‍ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. ഇനി ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കാണുമെന്നാണ് റിപ്പോർട്ട്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണു വിവരം. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെഡിയു–ആർജെഡി–കോൺഗ്രസ് സഖ്യ സർക്കാരാകും രൂപീകരിക്കുക. 16 എംഎല്‍എമാരുള്ള ഇടതുപാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.

നേരത്തെ, ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ കൂടി പിന്തുണ ഉറപ്പാക്കിയാണ് നിതീഷ് കൂമാർ രാജി സമർപ്പിച്ചത്. ജെഡിയുവിനെ പിളര്‍ത്താന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്കയാണ് സഖ്യം വിടാന്‍ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട അധികാരം പിടിച്ചെടുത്ത് മന്ത്രിസഭാവികസനം നടക്കുന്ന അതേദിവസം തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!