സൗദിയിൽ വ്യാഴാഴ്ച മുതൽ താപനില കുറയുമെന്ന വാർത്ത തെറ്റ് – കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
സൌദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ താപനില കുറയുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ-ഖഹ്താനി വ്യക്തമാക്കി. വ്യാഴാഴ്ച മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്ന് താൻ പ്രഖ്യാപിച്ചിട്ടില്ലെന്നും, താപനില നിലവിലെ അവസ്ഥയിൽ തുടരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിലൊഴികെ കാലാവസ്ഥ ചൂടുള്ളതോ, വളരെ ചൂടുള്ളതോ ആയി തുടരുമെന്നും അൽ ഖഹ്താനി കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ന് (ചൊവ്വാഴ്ച) മക്ക, മദീന മേഖലകളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് തീരപ്രദേശങ്ങളിലേക്കും, തബൂക്ക് മേഖലയുടെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
കനത്ത മഴമൂലം അൽബഹ, അസീർ, ഹാഇൽ, ജിസാൻ എന്നിവിടങ്ങളിൽ മഴവെള്ളം കുത്തിയൊഴുകാൻ സാധ്യതയുണ്ട്. കൂടാതെ കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങലിലും, റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലും കാഴ്ചക്ക് തടസ്സമുണ്ടാക്കുംവിധമുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
സൌദിയിലെ പ്രധാന നഗരങ്ങളിൽ ഇന്ന് പ്രതീക്ഷിക്കുന്ന താപനില ഇപ്രകാരമാണ്.
മക്കയിൽ 41 ഡിഗ്രി, മദീനയിൽ 44 ഡിഗ്രി, റിയാദിൽ 46 ഡിഗ്രി, ദമാമിൽ 47 ഡിഗ്രി, ജിദ്ദയിൽ 38 ഡിഗ്രി
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക