12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 12,000 രൂപയിൽ (150 ഡോളർ) താഴെയുള്ള ഫോണുകളുടെ വിൽപന നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. ചൈനയിലെ ഷഓമി (Xiaomi) കമ്പനിയുടെ ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നതാണു തീരുമാനമെന്നാണു വിലയിരുത്തൽ.
ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിൽ ചൈനീസ് വമ്പന്മാരുടെ കുത്തക തകർക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. എൻട്രി–ലെവൽ വിപണി തകരുന്നതു ഷഓമിക്കും അനുബന്ധ മൊബൈൽ കമ്പനികൾക്കും വലിയ രീതിയിൽ ദോഷം ചെയ്യും. കോവിഡിനെത്തുടർന്നു ചൈനയിലെ ആഭ്യന്തര വിപണിയിൽ മാന്ദ്യമുണ്ടായതോടെ അടുത്തിടെയായി ഇന്ത്യയെ ആശ്രയിച്ചാണ് ഈ കമ്പനികളുടെ നിലനിൽപ് എന്നതും ശ്രദ്ധേയമാണ്.
2022 ജൂൺ പാദത്തിൽ ഇന്ത്യയിലെ മൊബൈൽ ഫോൺ വിൽപനയുടെ മൂന്നിലൊന്നും 150 ഡോളറിനു താഴെയുള്ള വിഭാഗത്തിലായിരുന്നു. കൗണ്ടർപോയിന്റ് എന്ന മാർക്കറ്റ് ട്രാക്കറിന്റെ കണക്കനുസരിച്ച്, ഇതിൽ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങിൽ തിങ്കളാഴ്ച ഷഓമിയുടെ ഓഹരികൾ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. അതേസമയം, കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നേരിട്ടോ അനൗദ്യോഗിക ചാനൽ വഴിയോ നിരോധന നിർദേശം നൽകിയതായി അറിവില്ലെന്നാണു ചൈനീസ് കമ്പനികളുടെ പ്രതികരണം. കേന്ദ്ര സർക്കാരും വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായില്ല.
ഷഓമി, എതിരാളികളായ ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികൾ നേരത്തേതന്നെ കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ മരവിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി 48 സ്ഥലങ്ങളിലെ വിവോ ഓഫിസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. മാത്രമല്ല, നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വിറ്റുവരവ് ചൈനയിലേക്കു മാറ്റിയെന്നും ഇഡി കണ്ടെത്തി.
ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമി കോർപറേഷന്റെ ഓഫിസുകളിലും ഇഡി അടക്കമുള്ള ഏജന്‍സികള്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി അടക്കി വാഴുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളും അവയുടെ സബ് ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമുള്ളതു ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക