ഇര്‍ഷാദിൻ്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്; റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് പൊലീസ്
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
മൃതദേഹത്തിൽ തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി റിപ്പോർട്ടിൽ വ്യക്തതയില്ല. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടി അന്വേഷണ സംഘം ഫൊറൻസിക് സർജനെ നേരിട്ടു കാണും. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. മേപ്പയൂരിൽനിന്ന് കാണാതായ ദീപക്കിന്റെ മൃതദേഹം എന്നു തെറ്റിദ്ധരിച്ച് ഇർഷാദിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ, പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചത് ദീപക് അല്ല ഇർഷാദ് ആണെന്ന് കണ്ടെത്തി.
ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത് കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റേത് ആണെന്നും കണ്ടെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.