‘ഗേൾ നമ്പർ 166’; ഒമ്പതുവർഷം മുമ്പ് കാണാതായ പെൺകുട്ടിയെ സ്വന്തം വീടിന് 500 മീറ്റർ അകലെനിന്ന് കണ്ടെത്തി. തുണയായത് ഗൂഗിളിലെ ചിത്രം

ഗേള്‍ നമ്പര്‍ 166, അതായിരുന്നു മുംബൈയിലെ ഡി എന്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവളെ വിളിച്ചിരുന്നത്. 2013 ജനുവരി 23-ന് കാണാതായ ആ ഏഴു വയസ്സുകാരിയെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പോലീസിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കും ഏഴു മാസങ്ങള്‍ക്കും ശേഷം കഴിഞ്ഞ വ്യാഴാഴ്ച ആ പതിനാറുകാരി അവളുടെ അമ്മയെ കണ്ടപ്പോള്‍ ഡി.എന്‍. നഗര്‍ പോലീസ് സ്‌റ്റേഷനിലെ റിട്ട. എ.എസ്.ഐ. രാജേന്ദ്ര ദോണ്ഡു ഭോസ്‌ലെയുടെയും കണ്ണു നിറഞ്ഞു. ഒപ്പം താന്‍ അന്വേഷിച്ച മിസ്സിങ് കേസുകളില്‍ അവശേഷിച്ച കേസിന്റെയും പൂട്ട് പൊട്ടിച്ചതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ടായിരുന്നു.

 

 

എ.എസ്.ഐ. ആയിരുന്ന രാജേന്ദ്ര ഭോസ്‌ലെ 2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടികളെ കാണാതായ 166 കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ 165 പേരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തി. എന്നാല്‍, ഗേള്‍ നമ്പര്‍ 166 ആയി ഒരു പെണ്‍കുട്ടി മാത്രം അവശേഷിച്ചു. 2015-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചിട്ടും കഴിഞ്ഞ ഏഴു വര്‍ഷമായി ആ പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നു ഭോസ്‌ലെയുടെ ശ്രമം. വര്‍ഷങ്ങള്‍ നീണ്ട ആ പരിശ്രമങ്ങള്‍ക്കാണ് കഴിഞ്ഞ വ്യാഴാഴ്ച സന്തോഷകരമായ പര്യവസാനമായത്. കാണാതായി ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ കണ്ടെത്തിയത് അന്ധേരിയിലെ അവളുടെ സ്വന്തം വീട്ടില്‍നിന്ന് വെറും 500 മീറ്റര്‍ അകലെയാണെന്നതും യാദൃശ്ചികമായി.

 

2013 ജനുവരി 22-ാം തീയതിയാണ് സ്‌കൂളിലേക്ക് പോയ ഏഴു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. അന്നേ ദിവസം രാവിലെ മൂത്ത സഹോദരനൊപ്പം സ്‌കൂളിലേക്ക് പോകുമ്പോള്‍ പോക്കറ്റ് മണിയെച്ചൊല്ലി പെണ്‍കുട്ടിയും സഹോദരനും തമ്മില്‍ വഴക്കുണ്ടായിരുന്നു. സഹോദരനുമായി പെണ്‍കുട്ടി പിണങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്‌കൂളിന് സമീപം അലഞ്ഞു നടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ ഹാരി ജോസഫ് ഡിസൂസ(50) എന്നയാള്‍ ശ്രദ്ധിക്കുന്നത്.

കര്‍ണാടക റായ്ച്ചൂര്‍ സ്വദേശിയായ ജോസഫ് ഡിസൂസയും ഭാര്യ സോണി(37)യും വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടാകാത്തതില്‍ ദമ്പതിമാര്‍ കടുത്തനിരാശയിലായിരുന്നു. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുവെച്ച് ഏഴു വയസ്സുള്ള പെണ്‍കുട്ടി ഡിസൂസയുടെ കണ്ണില്‍പ്പെട്ടത്. ഇതോടെ ആ പെണ്‍കുട്ടിയാണ് തന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്കുള്ള ഉത്തരമെന്ന് അയാള്‍ മനസ്സിലുറപ്പിച്ചു. തന്ത്രപൂര്‍വം അവളെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി.

പോലീസില്‍ പരാതി, അന്വേഷണം…

ഏഴു വയസ്സുകാരി സ്‌കൂളില്‍നിന്ന് തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ അന്നേദിവസം തന്നെ ഡി.എന്‍. നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാജേന്ദ്ര ഭോസ്‌ലെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നഗരത്തിലെ പലയിടങ്ങളിലും അന്വേഷണസംഘം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ പെണ്‍കുട്ടിയുടെ ചിത്രം സഹിതം ‘മിസ്സിങ്’ പോസ്റ്ററുകളും നോട്ടീസും പുറത്തിറക്കി.

പെണ്‍കുട്ടിയെ കാണാതായ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് താന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ഡിസൂസയ്ക്ക് ബോധ്യമായത്. ഭയന്നുപോയ ഡിസൂസ, പെണ്‍കുട്ടിയെ സ്വദേശമായ റായ്ച്ചൂരിലെ ഒരു ഹോസ്റ്റലിലാക്കി. പിന്നീട് മൂന്നു വര്‍ഷത്തോളം പെണ്‍കുട്ടി കര്‍ണാടകയിലായിരുന്നു.

 

 

2016-ല്‍ ഡിസൂസ-സോണി ദമ്പതിമാര്‍ക്ക് കുഞ്ഞ് പിറന്നു. രണ്ട് കുട്ടികളെയും വളര്‍ത്താനുള്ള ചെലവ് വര്‍ധിച്ചതോടെ ഡിസൂസ പെണ്‍കുട്ടിയെ കര്‍ണാടകയില്‍നിന്ന് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുട്ടികളെ പരിചരിക്കുന്ന ജോലിക്കും പറഞ്ഞയച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ഭയം കാരണം ഡിസൂസയുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ല. ഇതിനിടെ ഡിസൂസയും കുടുംബവും പല തവണ വീട് മാറി. ഒടുവില്‍ അന്ധേരിയിലെ ഗില്‍ബര്‍ട്ട് ഹില്‍ മേഖലയിലെത്തി. ആ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടില്‍നിന്ന് വിളിപ്പാടകലെ മാത്രമായിരുന്നു ഡിസൂസ താമസിച്ചിരുന്നത്.

തിരിച്ചറിയില്ലെന്ന പ്രതീക്ഷ, വഴിത്തിരിവുണ്ടായത് ഇങ്ങനെ…

വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ പെണ്‍കുട്ടിയെ ആരും തിരിച്ചറിയില്ലെന്നായിരുന്നു ഡിസൂസയുടെ പ്രതീക്ഷ. നേരത്തെയുണ്ടായിരുന്ന പോസ്റ്ററുകളും നോട്ടീസുകളുമെല്ലാം ഇതിനകം തെരുവുകളില്‍നിന്നും അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, മറ്റുള്ളവരോട് സംസാരിക്കുന്നതില്‍നിന്ന് ഡിസൂസ പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവും മരിച്ചിരുന്നു.

കുഞ്ഞുങ്ങളില്ലാത്തതിനാലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നതെങ്കിലും സ്വന്തം കുഞ്ഞ് പിറന്നതോടെ ഡിസൂസ-സോണി ദമ്പതിമാര്‍ക്ക് പെണ്‍കുട്ടിയോട് അനിഷ്ടം തോന്നിതുടങ്ങി. പെണ്‍കുട്ടിയെ സോണി പല തവണ മര്‍ദിച്ചു. മദ്യപിക്കുമ്പോള്‍ ‘നീ എന്റെ മകളല്ലെന്നും, 2013-ല്‍ എവിടെനിന്നോ എടുത്തു കൊണ്ടുവന്നതാണെന്നും’ ഡിസൂസ ആവര്‍ത്തിച്ചുപറഞ്ഞു. ഇതെല്ലാം കേട്ടതോടെ ഇരുവരും തന്റെ മാതാപിതാക്കളല്ലെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നെങ്കിലും രക്ഷപ്പെടാന്‍ അവള്‍ക്ക് ഭയമായിരുന്നു. ഒടുവില്‍ ഏഴു മാസം മുമ്പ് ഒരു വീട്ടില്‍ ജോലിക്കെത്തിയതും അവിടെയുണ്ടായിരുന്ന വീട്ടുജോലിക്കാരി വിവരങ്ങള്‍ തിരക്കിയതുമാണ് അവളുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

ഗൂഗിളില്‍ തിരഞ്ഞു, ആശ്വാസമായി ഫോണ്‍വിളി…

ഒരേ വീട്ടില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയോട് ആ വീട്ടുജോലിക്കാരി പല തവണയായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അവളുടെ കഥകളെല്ലാം കേട്ടപ്പോള്‍ വീട്ടുജോലിക്കാരിക്ക് സംശയമായി. അവര്‍ പെണ്‍കുട്ടിയുടെ പേര് ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ 2013-ല്‍ കാണാതായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വാര്‍ത്തകളും ഗൂഗിളില്‍ കണ്ടു. ഇതോടൊപ്പം ചില ഫോണ്‍ നമ്പരുകള്‍ അടങ്ങിയ പോസ്റ്ററുകളും ഉണ്ടായിരുന്നു.

ഒമ്പത് വര്‍ഷം മുമ്പുള്ള ചിത്രങ്ങള്‍ വീട്ടുജോലിക്കാരി കാണിച്ചതോടെ പല കാര്യങ്ങളും പെണ്‍കുട്ടിയുടെ ഓര്‍മയിലേക്കെത്തി. ഇതോടെ പോസ്റ്ററുകളില്‍ കണ്ട ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കാനായിരുന്നു ശ്രമം. എന്നാല്‍ അഞ്ചെണ്ണത്തില്‍ നാലു നമ്പറുകളില്‍ വിളിച്ചിട്ടും എല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. ഒടുവില്‍ അവസാനത്തെ നമ്പറില്‍ വീട്ടുജോലിക്കാരി വിളിച്ചപ്പോള്‍ ഒരാള്‍ ഫോണെടുത്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന റഫീഖ് എന്നയാളുടെ നമ്പറായിരുന്നു അത്. നേരത്തെ പല തവണ ഇത്തരത്തില്‍ ഫോണ്‍വിളികള്‍ വന്നതിനാല്‍ അദ്ദേഹം ആദ്യം ഒന്നും വിശ്വസിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ വ്യാഴാഴ്ച രാവിലെ വീട്ടുജോലിക്കാരി പെണ്‍കുട്ടിക്കൊപ്പം റഫീഖിനെ വീഡിയോ കോള്‍ ചെയ്തു. ഈ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത റഫീക്, വൈകാതെ തന്നെ പെണ്‍കുട്ടിയുടെ അമ്മയെയും അമ്മാവനെയും കാണിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ ആ അമ്മ മകളെ തിരിച്ചറിയുകയും പൊട്ടിക്കരയുകയുമായിരുന്നു.

ഒടുവില്‍ അവര്‍ കണ്ടു, ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം…

പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചതോടെ കുടുംബം ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. ഒപ്പം ഇതുവരെ കേസ് അന്വേഷിച്ചിരുന്ന റിട്ട. എ.എസ്.ഐ. രാജേന്ദ്ര ഭോസ്‌ലെയെയും. ജുഹു സൊസൈറ്റിയില്‍ പെണ്‍കുട്ടി ജോലിചെയ്യുന്ന വീടിന്റെ വിവരങ്ങളും ശേഖരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോലീസ് സംഘത്തിനൊപ്പം കുടുംബവും ജുഹു സൊസൈറ്റിയിലേക്ക് തിരിച്ചു. രാത്രി 8.20-ഓടെയാണ് ഇവര്‍ ജുഹു സൊസൈറ്റിയിലെ വീടിന് മുന്നിലെത്തിയത്. ഈ സമയം പരിചരിക്കുന്ന കുഞ്ഞുമായി പെണ്‍കുട്ടി വീടിന് പുറത്തിറങ്ങി. ആ നിമിഷംതന്നെ മകളെ അമ്മ തിരിച്ചറിഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെയും മകളുടെയും കൂടിക്കാഴ്ച കണ്ട് അതിന് സാക്ഷികളായവരുടെ കണ്ണുനിറഞ്ഞു. പക്ഷേ, ആ സന്തോഷനിമിഷത്തില്‍ അവളുടെ പിതാവിന്റെ ശൂന്യത മാത്രം നിറഞ്ഞുനിന്നിരുന്നു.

വിരമിച്ചിട്ടും അവളെ തിരഞ്ഞു, സംതൃപ്തിയില്‍ ബോസ്ലെ…

2015-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചിട്ടും ഗേള്‍ നമ്പര്‍ 166-നെ തേടിയുള്ള അന്വേഷണം ഭോസ്‌ലെ അവസാനിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി തന്റെ കേസ് ഡയറിയില്‍ ഒരു തുമ്പു പോലും ലഭിക്കാത്ത ആ പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നു ശ്രമം. കഴിഞ്ഞയാഴ്ച പോലും ഭോസ്‌ലെ പെണ്‍കുട്ടിയുടെ കുടുംബത്തിനരികെ എത്തിയിരുന്നു. ഒമ്പത് വര്‍ഷങ്ങളായിട്ടും ആ കുടുംബത്തിന് മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നല്‍കിയാണ് അദ്ദേഹം കഴിഞ്ഞയാഴ്ചയും മടങ്ങിയത്.

 

 

‘കഴിഞ്ഞ ദിവസം ആ ഫോണ്‍കോള്‍ വന്നപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. അപ്പോള്‍തന്നെ ഇക്കാര്യം സ്ഥിരീകരിക്കാനായി സീനിയര്‍ ഇന്‍സ്‌പെക്ടറെ വിളിച്ചു. തുടര്‍ന്ന് ഞാന്‍ സര്‍വീസിലിരിക്കുമ്പോള്‍ സീനിയര്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.ജി. ബോയിറ്റെയെയും വിളിച്ചു. ഈ കേസില്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 99 ശതമാനം സാധ്യതകളും ഞാന്‍ കവര്‍ ചെയ്തു. ബാക്കി ഒരു ശതമാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.’- ഭോസ്‌ലെ പറഞ്ഞു.

‘നിങ്ങള്‍ക്ക് ഒരു പോലീസുകാരനായി വിരമിക്കാം. എന്നാല്‍, വിരമിക്കലിനൊപ്പം മനുഷ്യത്വം അവസാനിക്കുന്നില്ല. അത് നിങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിലനില്‍ക്കും. ഒരു മകളെ നഷ്ടപ്പെട്ടതിന്റെ വേദന നിങ്ങള്‍ മനസിലാക്കണം. അത് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ല’- ഭോസ്‌ലെ പറഞ്ഞുനിര്‍ത്തി.

പ്രതി അറസ്റ്റില്‍, വിവിധ വകുപ്പുകള്‍പ്രകാരം കേസ്…

അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ജോസഫ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, അന്യായമായി തടങ്കലില്‍ സൂക്ഷിക്കല്‍, ബാലവേലയ്ക്ക് നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതേ വകുപ്പുകള്‍ പ്രകാരം ഡിസൂസയുടെ ഭാര്യ സോണിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആറു വയസ്സുള്ള മകളെ നോക്കാന്‍ മറ്റാരുമില്ലാത്തതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഡിസൂസയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചത്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share
error: Content is protected !!