ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം-സിപിഐ സംഘര്‍ഷം; പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സതേടി

തൃശ്ശൂര്‍: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം-സി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃശ്ശൂരിലെ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് ഇരുവിഭാഗങ്ങള്‍ സംഘർഷമുണ്ടാത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെച്ചൊല്ലിയാണ് വാക്കുതര്‍ക്കം ഉടലെടുത്തത്. വെള്ളം കയറാത്ത ഭാഗങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പില്‍ എത്തിച്ചെന്നും ആരോപണമുണ്ടായി. ഇതേത്തുടര്‍ന്ന് സിപിഐ, എ.ഐ.വൈ.എഫ്- സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
അതേസമയം, ക്യാമ്പിലുണ്ടായിരുന്ന എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. ഗുണ്ടാസംഘം അകാരണമായി ആക്രമിച്ചെന്നാണ് എ.ഐ.വൈ.എഫ്. നേതാക്കളുടെ ആരോപണം. സംഭവത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും മതിലകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയകാലത്തും നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ ഇത്തരം ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കടത്തികൊണ്ടുപോയ സംഭവവും പ്രളയകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
Share
error: Content is protected !!