“മരിച്ചത് ദീപകല്ലെങ്കിൽ എൻ്റെ കുഞ്ഞെവിടെ” – അമ്മ ചോദിക്കുന്നു. ഇർഷാദിൻ്റെ മരണ ശേഷവും ഭീഷണിപ്പെടുത്തി
കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്നും കണ്ടെത്തി സംസ്കരിച്ച മൃതദ്ദേഹം കൂനംവള്ളിക്കാവിൽ നിന്നും കാണാതായ വടക്കേടത്ത് കണ്ടി ദീപക്കിന്റെതല്ലെന്ന് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തിയതോടെ ദീപക് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിന്റെ മൃതദേഹമാണ് തിക്കോടി കടപ്പുറത്തു നിന്നും കണ്ടെത്തിയതെന്ന് ഡി.എൻ.എ പരിശോധനയിലൂടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. എന്നാൽ മൃതദേഹം മാറിയ സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഇർഷാദിൻ്റെ സുഹൃത്തുക്കൾ ആരോപിക്കുന്നു. ദീപകിൻ്റെ കുടുംബം മൃതദേഹം ഏറ്റെടുക്കുന്നതിന് മുമ്പ് അമ്മയുൾപ്പെടെ അടുത്ത ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ദീപകിൻ്റെ അമ്മ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ഇർഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയതായി സഹോദരന്‍ ഹര്‍ഷാദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പൊലീസില്‍ പരാതിപ്പെട്ടശേഷവും ഭീഷണി തുടർന്നുവെന്നും ഹർഷാദ് പറയുന്നു.
ഇര്‍ഷാദിന്‍റെ മരണവാര്‍ത്ത വന്നശേഷവും സ്വാലിഹ് ഫോണിൽ വിളിച്ചു. ഇർഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാൽ കാണിച്ചു തരാമെന്നും പറഞ്ഞതായി ഹർഷാദ് വെളിപ്പെടുത്തി. അതേസമയം, ഇര്‍ഷാദിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേക്കും. സ്വാലിഹിനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണ്. കഴിഞ്ഞ മാസം കേരളത്തിലെത്തിയ സ്വാലിഹ് ജൂലൈ 19നാണ് ദുബായിലേക്കു മടങ്ങിയത്.
ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷം. നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുൻപാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് മേയിൽ നാട്ടിലെത്തിയത്. എന്നാൽ ഈ സ്വർണം ഇർഷാദ് മറ്റു ചിലർക്കു വിറ്റെന്നു പൊലീസ് പറയുന്നു.
സ്വാലിഹിനെതിരെ സ്ത്രീ പീഡനത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇർഷാദിന്റെ മരണത്തിനു കാരണമായ അതേ കള്ളക്കടത്തു സ്വർണവുമായി ബന്ധപ്പെട്ടായിരുന്നു പീഡനമെന്നു പരാതിയിൽ പറയുന്നു. പത്തനംതിട്ട സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത്. ഈ യുവതിയുടെ ഭർത്താവാണ് ദുബായിൽ ഇർഷാദിനെ മുഹമ്മദ് സ്വാലിഹിനു പരിചയപ്പെടുത്തിക്കൊടുത്തത്.
ഇതിനിടെ കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയില്‍ കഴിഞ്ഞ ദിവസം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ദീപക്കിന്റെ തിരോധാനത്തിനു പിന്നിലും സ്വര്‍ണക്കടത്ത് സംഘമാണോയെന്നു നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി അബ്ദുല്‍ മുനീറിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.
അബുദാബിയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി ദീപക് ഒന്നര വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. തുണിക്കട നടത്തിയിരുന്ന ഇയാള്‍ ജൂണ്‍ മാസം ആറിനാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇടയ്ക്ക് ദൂരയാത്ര ചെയ്യാറുണ്ടെങ്കിലും ഇക്കുറി ഒരു മാസമായിട്ടും വിവരം ഇല്ലാതായതോടെയാണ് ജൂലൈ ഒന്‍പതിനു ബന്ധുക്കള്‍ മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ച മൃതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ പരിശോധിച്ചു. മൃതദേഹത്തിന് ദീപക്കുമായി സാമ്യമുണ്ടായിരുന്നെങ്കിലും പലര്‍ക്കും സംശയമുണ്ടായിരുന്നു.
തിരിച്ചറിയില്‍ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹം വിട്ടുനല്‍കിയെങ്കിലും സംശയമുള്ളതിനാല്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തിയതാണ് മരിച്ചത് ദീപക് അല്ലെന്ന് തിരിച്ചറിയാന്‍ കാരണം. എങ്കിലും അതിനുമുന്‍പ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു.
ഇതിനിടെ കാണാതായ ദീപക് എവിടെയെന്ന ചോദ്യം കുടുംബത്തിലും ശക്തമായി. ‘‘നെഞ്ചോടു ചേർത്തുപിടിച്ച കുഞ്ഞാണ്. നെഞ്ചുപൊട്ടിയാണ് അവനു ചിതയൊരുക്കിയത്. അന്ത്യകർമങ്ങൾ ചെയ്‌ത് സംസ്കരിച്ചത് എന്റെ കുഞ്ഞിനെയായിരുന്നില്ലെങ്കിൽ അവനെങ്ങോട്ടാണ് പോയത്. ഞാൻ മകന്റെ മൃതശരീരം കണ്ടിരുന്നില്ല, അടുത്ത ബന്ധുക്കളാണ് മൃതദേഹം ദീപക്കിന്റേതാണെന്നു തിരിച്ചറിഞ്ഞത്. എന്റെ മകനെ എത്രയും പെട്ടെന്ന് എനിക്ക് തിരികെ ലഭിക്കണമെന്നു മാത്രമാണ് പറയാനുള്ളത്.’’– കണ്ണുനീരോടെ നെഞ്ചുപൊട്ടി ദീപക്കിന്റെ അമ്മ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക