മരിച്ചത് സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദ്; ദീപക്കാണെന്ന് കരുതി മൃതദേഹം സംസ്കരിച്ചു, ഡിഎൻഎ പരിശോധനയിൽ വൻ ട്വിസ്റ്റ്
കോഴിക്കോട്: സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദ് കൊല്ലപ്പെട്ടെന്നു പൊലീസ് സ്ഥിരീകരിച്ചു.. ജൂലൈ 17ന് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് ആണെന്ന് ഡിഎൻഎ പരിശോധനയിലാണ് തെളിഞ്ഞത്. കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പസാമിയാണ് ഇക്കാര്യം അറിയിച്ചുത്.
ഈ മൃതദേഹം മേപ്പയൂർ വടക്കേക്കണ്ടി ദീപക്കിന്റേതാണ് എന്നു കരുതി ബന്ധുക്കൾ മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ് നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇത് ദീപക്കിന്റെ മൃതദേഹം അല്ലെന്ന് വ്യക്തമായി. തുടർന്നാണ് കാണാതായ ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ സാംപിൾ പരിശോധിച്ചത്.
ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത് കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റേത് ആണെന്നും കണ്ടെത്തിയത്.
കേസിൽ വയനാട് സ്വദേശി ഷെഹീല്‍, ജിനാഫ് എന്നിവർ അറസ്റ്റിലായി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍. ഇവര്‍ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
മേയ് 13നാണ് ഇര്‍ഷാദ് ഗള്‍ഫില്‍നിന്ന് നാട്ടില്‍ എത്തിയത്. 17ന് ജോലി ആവശ്യത്തിനായി വയനാട്ടിലേക്കു പോയ മകനെ പിന്നീട് കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതിനിടെ മകന്‍ കസ്റ്റഡിയിലുണ്ടെന്നും ഗള്‍ഫില്‍നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കിട്ടാതെ വിട്ടയയ്ക്കില്ലെന്നും സ്വര്‍ണക്കടത്ത് സംഘം വീട്ടിലേക്കു വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തെളിവിനായി ഇര്‍ഷാദിന്‍റെ ഒരു ഫോട്ടോയും അയച്ചുകൊടുത്തു. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം പൊലിസിനെ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക