സൗദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. രണ്ട് കുട്ടികൾക്ക് പരുക്കേറ്റു

റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റാക്കു സമീപം രണ്ടു കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ അൽസ്വഹൻ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം.

കുവൈത്ത് രജിസ്‌ട്രേഷനുള്ള ബി.എം.ഡബ്ലിയു കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നുപിടിച്ചു.

കാർ ഡ്രൈവറും മൂന്നു സ്ത്രീകളും വേലക്കാരിയും പിക്കപ്പ് ഡ്രൈവറായ യുവാവുമാണ് അപകടത്തിൽ മരിച്ചത്. കാർ യാത്രക്കാരിൽ പെട്ട മൂന്നും അഞ്ചും വീതം വയസ് പ്രായമുള്ള രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതാണ് ജീവനോടെ രക്ഷപ്പെടാൻ കുട്ടികളെ സഹായിച്ചത്. പരിക്കേറ്റ കുട്ടികളെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപെട്ടവർ ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!