വൻ പൊലീസ് വിന്യാസം; നാഷനൽ ഹെറൾഡ് ഓഫീസ് സീൽ ചെയ്തു, സോണിയയുടെയും രാഹുലിൻ്റെയും വസതികളിലേക്കുള്ള റോഡുകൾ അടച്ചു – വിഡിയോ

ന്യൂഡൽഹിയിൽ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡിന്റെ ഡൽഹിയിലെ ഓഫിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സീൽ ചെയ്തു. അനുവാദമില്ലാതെ ഓഫിസ് തുറക്കരുതെന്നും നിർദേശിച്ചു. ഇന്നലെ നാഷനൽ ഹെറൾഡ് ഓഫിസ് അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

അതിനിടെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്കു പുറത്തും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിന് പുറത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. ഇരു സ്ഥലങ്ങളിലെയും റോഡ് പൊലീസ് ബാരിക്കേഡുകൾ വച്ചു തടഞ്ഞു. രാഹുൽ ഗാന്ധിയുടെ വസതിയിലേക്കുള്ള വഴിയും പൊലീസ് ബാരിക്കേഡുകൾ വച്ചു തടഞ്ഞു.

നാഷനൽ ഹെറൾഡ് പത്രത്തിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും രാഹുലിനും സോണിയയ്ക്കും ഓഹരിയുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇഡി അന്വേഷിക്കുന്നത്.

എജെഎൽ കോൺഗ്രസിന് നൽകാനുള്ള 90.25 കോടി രൂപ തിരിച്ചുപിടിക്കാൻ 50 ലക്ഷം രൂപ മാത്രം നൽകി ഗാന്ധിമാർ വഞ്ചിക്കുകയും ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് സ്വാമി ആരോപിച്ചിരുന്നു . ജൂലൈ 27 ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ അന്വേഷണ ഏജൻസി ഏകദേശം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് റെയ്ഡുകൾ നടത്തിയത്.

 

പാർട്ടി ആസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിക്കുന്നതിനെ കോൺഗ്രസ് അപലപിച്ചു. ഈ നീക്കത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു, “സത്യത്തിന്റെ ശബ്ദം പോലീസ് കാവൽക്കാരെ ഭയപ്പെടില്ല. ഗാന്ധിയുടെ അനുയായികൾ ഈ ഇരുട്ടിനെതിരെ പോരാടി വിജയിക്കും. നാഷണൽ ഹെറാൾഡിന്റെ ഓഫീസ് സീൽ ചെയ്തും കോൺഗ്രസ് ആസ്ഥാനം പോലീസിന്റെ കീഴിലാക്കി. ഗാർഡ് സ്വേച്ഛാധിപതിയുടെ ഭയവും ക്രോധവും കാണിക്കുന്നു, പക്ഷേ വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ചോദ്യങ്ങൾ ഞങ്ങൾ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കും” എന്നും കോണ്ഗ്രസ് ട്വീറ്റ് ചെയ്തു. 

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തിന് സമീപം സുരക്ഷ ശക്തമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ

Share
error: Content is protected !!