വിസ്താര മുംബൈ-ജിദ്ദ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു; മലയാളികൾക്കും ആശ്വാസമാകും

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ ‘വിസ്താര’ സൗദിയിലെ ജിദ്ദക്കും മുംബൈയ്ക്കുമിടയിൽ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യ വിമാനം ഇന്നലെ ഓഗസ്റ്റ് 2ന് വൈകുന്നേരം 6.05ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.50ന് ജിദ്ദയില്‍ ഇറങ്ങി. എയര്‍ബസ് എ320 നിയോ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സർവീസുകളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ജിദ്ദ-മുംബൈ സെക്ടറിലാണ് സർവീസ് എങ്കിലും, ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികൾക്കും ഈ സർവീസ് പ്രയോജപ്പെടും. മുബൈ വഴി തെരഞ്ഞെടുക്കുന്നവർക്ക് ഈ സർവീസും ഉപയോഗിക്കാം. https://www.airvistara.com/in/en എന്ന സൈറ്റ് വഴി ടിക്കറ്റുകൾ നേടാനും ബുക്ക് ചെയ്യാനും സാധിക്കും. മുംബൈ-ജിദ്ദ-മുംബൈ സെക്ടറിൽ 37,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

”ജിദ്ദയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലേക്ക് സൗദിയെ ചേര്‍ക്കാന്‍ സാധിച്ചതിലും ഞങ്ങള്‍ സന്തുഷ്ടരാണ്. സൗദി അറേബ്യയിലെ ഭാവി പദ്ധതികളുടെ ബാഹുല്യം, ഇന്ത്യയുമായുള്ള ശക്തമായ വ്യാപാര ബന്ധങ്ങള്‍, ഇന്ത്യന്‍ പ്രവാസികളുടെ വമ്പിച്ച സാന്നിധ്യം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍, ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ട്രാഫിക്കാണുള്ളത്. ഈ റൂട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈനായ വിസ്താരയെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായതില്‍ യാത്രക്കാര്‍ ഞങ്ങളെ അഭിനന്ദിക്കുമെന്ന് ഉറപ്പുണ്ട്’ -പുതിയ അന്താരാഷ്ട്ര റൂട്ടിന്റെ സമാരംഭത്തെ കുറിച്ച് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.05ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.50ന് ജിദ്ദയിലെത്തും. ജിദ്ദയിൽ നിന്ന് രാത്രി 9.50ന് പുറപ്പെട്ട് പിറ്റെദിവസം രാവിലെ 5.30ന് മുംബൈയിലുമെത്തും. സ്‌കൈട്രാക്‌സ്, ട്രിപ് അഡൈ്വസർ എന്നിവയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള എയർലൈനാണ് വിസ്താര. പ്രവർത്തനമാരംഭിച്ച് ഏഴു വർഷത്തിനുള്ളിൽ വിസ്താര ഇന്ത്യയിലെ ഏറ്റവും മികച്ച ഫുൾ സർവീസ് കാരിയറായി മാറിയിട്ടുണ്ട്.

ക്യാബിന്‍ ശുചിത്വത്തില്‍ ലോകോത്തര ഖ്യാതിയുള്ള വിസ്താര, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും വിസ്താര പ്രശംസിക്കപ്പെട്ടു. നിരവധി ‘മികച്ച എയര്‍ലൈന്‍’ പുരസ്‌കാരങ്ങളും വിസ്താരയെ തേടി എത്തിയിരിക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ വിസ്താര രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനായി ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിലെ പ്രവര്‍ത്തനങ്ങളുടെയും സേവന നിലവാരത്തിന്റെയും പരിധികള്‍ ഉയര്‍ത്തി, അടുത്തിടെ 35 ദശലക്ഷം യാത്രക്കാർ ഇതിനോടകം തന്നെ വിസ്താരയിൽ യാത്ര ചെയ്തതായി എയർലൈൻ അവകാശപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!