സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; മൂന്ന് മേഖലയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവാർഡുകൾ നൽകും
സ്വകാര്യ മേഖലയിലെ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവാർഡുകൾ ഏർപ്പെടുത്തി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി സ്ഥാപനങ്ങൾക്കുള്ള ലേബർ അവാർഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. അവാർഡിന് അർഹതയുളള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു.
പുതിയ പദ്ധതിയിൽ 3 പ്രധാന മേഖലകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സൌദിവൽക്കരണം, തൊഴിൽ പരിസ്ഥിതി, നൈപുണ്യവും പരിശീലനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 24 അവാർഡുകളാണ് വിതരണം ചെയ്യുക.
സൗദിവൽക്കരണം ഉത്തേജിപ്പിക്കുക, സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുക, ഇതിനായി സ്ഥാപനങ്ങൾക്ക് അവബോധം വളർത്തുക, അവരുടെ സ്വദേശി വിഭവ ശേഷി വികസിപ്പിക്കുന്നതിനും ജീവനക്കാരുടെ സുസ്ഥിരതാ നിരക്ക് വർദ്ധിപ്പിക്കുന്നതിനും അവരുടെ കരിയർ വികസനം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം നടത്താൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക എന്നിവയാണ് ഇത് കൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്.
അവാർഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് ആയി നാമനിർദ്ദേശം നൽകാം. കൂടാതെ “ഖിവ” പ്ലാറ്റ്‌ഫോമിലോ നേരിട്ടോ രജിസ്റ്റർ ചെയ്തുകൊണ്ട് ചോദ്യാവലിക്ക് ഉത്തരം നൽകുന്നതിന് ആ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പങ്കാളിത്തം പൂർത്തിയാക്കേണ്ടതുണ്ട്.
കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അവാർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ചോദ്യാവലിയിൽ പങ്കെടുക്കാനും അവരുടെ സൗകര്യങ്ങൾ വിലയിരുത്താനും മന്ത്രാലയം അത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക