ചൈനയുടെ മുന്നറിയിപ്പ് മറികടന്ന് യു.എസ് സ്പീക്കർ തായ്‍വാനിൽ; ചൈനയും യു.എസും യുദ്ധവിമാനങ്ങൾ വിന്യസിച്ചു
ചൈനയുടെ മുന്നറിയിപ്പ് മറികടന്ന് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തി. നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് തായ്പേയി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തായ്‍വാന്റെ യുദ്ധവിമാനങ്ങൾ നാൻസി പെലോസിയുടെ പ്രത്യേക വിമാനത്തിന് അകമ്പടി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. 25 വർഷത്തിനിടെ ഇതാദ്യമായാണ് യു.എസിൽ നിന്നും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ തായ്പേയ് സന്ദർശിക്കുന്നത്.
അതേസമയം, നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി തായ്‍വാൻ അതിർത്തിയിൽ ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി ജപ്പാനിൽ നിന്നും യു.എസ് യുദ്ധവിമാനങ്ങളും ടാങ്കുകളും പുറപ്പെട്ടിട്ടുണ്ടെന്ന് ജപ്പാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ നാൻസി പെലോസി തായ്‍വാൻ സന്ദർശിച്ചാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ സ്വതന്ത്ര സുരക്ഷയെ ബാധിക്കുന്ന സന്ദർശനമുണ്ടായാൽ അതിനെ തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം യു.എസായിരിക്കും ഉത്തരവാദിയെന്നായിരുന്നു ചൈനീസ് വിദേശകാര്യവക്താവിന്റെ പ്രസ്താവന. ഈ മുന്നറിയിപ്പ് മറികടന്നാണ് യു.എസ് സ്പീക്കർ തായ്‍വാനിലെത്തിയത്.
പെലോസിയുടെ സന്ദർശനത്തിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു. ചൈനയുടെ “പരമാധികാരവും പ്രദേശിക സമഗ്രതയും” ഭീഷണിയിലാണെന്ന് ബോധ്യമായാൽ ചൈനീസ് സൈന്യം “വെറുതെ ഇരിക്കില്ല” എന്ന് മുന്നറിയിപ്പ് നൽകി.
അതേ സമയം തായ്‌വാനിലെ ജനാധിപത്യത്തിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലക്കും പിന്തുണ പ്രഖ്യാപിക്കുന്നതായി തായ്‌വാനിലിറങ്ങിയ ശേഷം പെലോസി ട്വീറ്റ് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക