20 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലുള്ള സ്വന്തം കുടുംബത്തെ പാക്കിസ്ഥാനിലുള്ള ഹാമിദ ബാനു കണ്ടെത്തി

ഇരുപത് വർഷങ്ങൾക്ക് മുൻപ് ജോലി അന്വേഷിച്ച് മുംബൈയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ തന്‍റെ പ്രിയപ്പെട്ടവരുടെ നല്ല ഭാവിമാത്രമായിരുന്നു ഹാമിദ ബാനുവിന്‍റെ മനസിൽ. എന്നാൽ തന്നെ പാകിസ്താനിലേക്ക് കടത്തികൊണ്ടുപോകുകയാണെന്ന സത്യം ബാനു അറിഞ്ഞിരുന്നില്ല.

ഒടുവിൽ, തന്‍റെ കുടുംബത്തിനായുള്ള ഹാമിദ ബാനുവിന്‍റെ ഇരുപത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. അതിന് നിമിത്തമായതാവട്ടെ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ട് യൂട്യൂബർമാരും. പാകിസ്താൻ യൂട്യൂബർ വലിയുല്ല മെഹ്റൂഫ്, ഇന്ത്യയിലെ യ‍്യൂടൂബറായ ഖൽഫാൻ ഷെയ്ഖ് എന്നിവരാണ് കുർളയിലെ കസൈവാഡ പ്രദേശത്ത് താമസിക്കുന്ന കുടുംബവുമായുള്ള ബാനുവിന്റെ സമാഗമത്തിന് വഴിയൊരുക്കിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

70കാരിയായ ഹാമിദ ബാനുവിന്‍റെ ജീവിതകഥ പാകിസ്താൻ യൂട്യൂബർ വലിയുല്ല മെഹ്റൂഫ് തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയായിരുന്നു. ഭർത്താവും നാലു മക്കളും അടങ്ങിയതായിരുന്നു ബാനുവിന്‍റെ കുടുംബം. ഭർത്താവ് മദ്യപാനിയായതിനെ തുടർന്ന് തന്‍റെ കുടുംബം പോറ്റാനായി അവർക്ക് വീട്ടുജോലി ചെയ്യേണ്ടതായി വന്നു. ഗൾഫിൽ പോയാൽ നല്ല ജോലിയും ശമ്പളവും കിട്ടുമെന്ന് കേട്ടതിനെ തുടർന്നാണ് ബാനു പ്രവാസത്തിന് പുറപ്പെട്ടത്.

ദുബൈയിലും അബുദാബിയിലും ജോലി ചെയ്തു. പിന്നീട് വിക്രോളിയിൽ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെടുകയും അവർ ദുബൈയിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഏജന്‍റ് തന്നെ പറ്റിക്കുകയായിരുന്നന്ന് ബാനു പറയുന്നു. അവർ തന്നെ പാകിസ്ഥാനിൽ ഇറക്കിവിടുകയായിരുന്നെന്ന് ബാനു പറഞ്ഞു. തുടർന്ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ ഹൈദരാബാദിൽ താമസിക്കുകയായിരുന്നു.

11മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ബാനുവിന്‍റെ ഇന്ത്യയിലെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കണെമന്ന് മെഹ്റൂഫ് അഭ്യർഥിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ യ‍്യൂടൂബറായ ഖൽഫാൻ ഷെയ്ഖ് മെഹൂഫുമായി ബന്ധപ്പെടുകയും കുടുംബത്തെ കണ്ടെത്താൻ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ബാനുവിനെക്കുറിച്ചുള്ള വിഡിയോ പങ്കുവെച്ച് 30 മിനുറ്റുകൾക്കകം തനിക്ക് ബാനുവിന്‍റെ കുടുംബത്തെക്കുറിച്ച് വിവരം ലഭിച്ചു എന്നും അവരുടെ പേരക്കുട്ടിയുമായി സംസാരിച്ചു എന്നും ഷെയ്ഖ് പറയുന്നു.

‘അമ്മയെക്കുറിച്ച് ഒരുപാട് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. അമ്മ സുരക്ഷിതയാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. അവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിന് ഞങ്ങൾക്ക് ഇന്ത്യൻ സർക്കാരിന്‍റെ സഹായം ആവശ്യമാണ്’ – മകൾ യാസ്മിൻ ബഷീർ ഷെയ്ഖ് യാസ്മിൻ പറഞ്ഞു. ബാനുവിനെ തിരിച്ചെത്തിക്കാനായി പാകിസ്താൻ ഹൈക്കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

(മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചത്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!