ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ ആലപ്പുഴ കളക്ടറാകും

ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ഐപിഎസ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് ഓശാന പാടുകയാണെന്നായിരുന്നു ആരോപണം.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ കേരള മുസ്ലിം ജമാഅത്ത് സ്വാഗതം ചെയ്തു. പ്രതിഷേധം സർക്കാരിനെ ശരിയായ ദിശയിലേക്കെത്തിച്ചെന്ന് പി.സൈഫുദ്ദീൻ ഹാജി പറഞ്ഞു.

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തു നടന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി സർക്കാർ നിയമിച്ചത്.

ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കും മാറ്റിയിരുന്നു. എന്നാൽ ആലപ്പുഴയുടെ 54ാം കലക്ടറായി ചുമതലയേൽക്കാൻ എത്തിയതു മുതൽ ശ്രീറാമിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ശ്രീറാം ചുമതലയേൽക്കാൽ എത്തിയ അന്നു തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

എറണാകുളം സ്വദേശിയായ ശ്രീറാം, 2013 ഐഎഎസ് ബാച്ചിൽപെട്ടയാളാണ്. മുൻപ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയ്നിങ് ഡയറക്ടറായും തിരുവല്ല, ദേവികുളം സബ് കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!