കൈകളും കാലും വലിച്ചു കെട്ടി, ശിവൻകുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി

ഹരിപ്പാട്: നാടിനെ നടുക്കിയ കവർച്ചയ്ക്കും കൊലപാതകത്തിനും പിന്നിൽ ഒന്നിലേറെപ്പേരുണ്ടെന്ന് പൊലീസ് നിഗമനം. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) കൊലപ്പെടുത്തിയ നിലയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിൽ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്.

മകൾ ശ്രീകലയുടെ പ്രസവത്തിനായി ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. മകളുടെ മകൾ മാത്രമാണ് വീട്ടിൽ ഒപ്പം താമസിച്ചിരുന്നത്. സ്കൂൾ വിദ്യാർഥിനിയായ കുട്ടി കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. ആശുപത്രിയിലുള്ള അമ്മൂമ്മയെ വിളിച്ചു പറഞ്ഞപ്പോൾ കൂട്ടുകാരിയുടെ വീട്ടിലേക്കു പോകാൻ നിർദേശിച്ചു. ഇന്നലെ രാവിലെ എത്തിയപ്പോഴും വീടു തുറന്നിട്ടില്ലെന്നു കണ്ട് കുട്ടി സമീപവാസികളെ അറിയിച്ചു. തുറന്നു കിടന്നിരുന്ന അടുക്കള വാതിൽ വഴി അകത്തു കടന്നു പരിശോധിച്ചപ്പോഴാണു കയ്യും കാലുകളും പിന്നിലേക്കു വലിച്ചു കെട്ടിയ നിലയിൽ മൃതദേഹം ഡൈനിങ് ഹാളിൽ കിടക്കുന്നതു കണ്ടത്.

∙ ശുചിമുറി വഴി കയറി, ലക്ഷ്യം സ്വർണമാല

ശുചിമുറിയുടെ വെന്റിലേഷൻ വഴിയാകാം പ്രതികൾ അകത്തു കയറിയതെന്നു കരുതുന്നു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റ് പൊട്ടിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തുമെന്നും അതിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. വാടക വീടിനു സമീപം മക്കൾക്കായി വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു.

അവിടത്തെ തൊഴിലാളികൾക്കു ശനിയാഴ്ച വൈകിട്ട് 5ന് ശിവൻകുട്ടി ചെട്ടിയാർ ചായ കൊടുക്കുന്നതു സമീപവാസികൾ കണ്ടിരുന്നു. അതിനാൽ അന്നു സന്ധ്യയ്ക്കോ രാത്രിയോ ആകണം കൊലപാതകം നടന്നതെന്നാണു സംശയം. ഇദ്ദേഹം സ്ഥിരമായി സ്വർണമാല ധരിക്കാറുണ്ടായിരുന്നു. വീടുകളുടെ പണി നടക്കുന്നതിനാൽ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്നു മോഷ്ടാക്കൾ കരുതിയിരിക്കാമെന്നും പൊലീസ് പറയുന്നു.

∙ കബളിപ്പിക്കാൻ മുളകുപൊടി

കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷനൽ രീതികൾ അവലംബിച്ചതും ഇതിനു പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായിരുന്നതായി പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിൽ മുളകുപൊടി വിതറിയിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ചു വീടിന്റെ പിന്നിലേക്ക് ഓടി. പ്രധാന റോഡ് വഴിയല്ല മോഷ്ടാക്കൾ എത്തിയതും മടങ്ങിയതുമെന്ന് ഇതു സൂചിപ്പിക്കുന്നു. വിരലടയാള, ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, കായംകുളം ഡിവൈഎസ്പി ടി.രാജപ്പൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

Share