വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്ന പരാമർശം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ, രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പറഞ്ഞ സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
വൈകിട്ട് നാലുമണിയോടൊണ് തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയത്. മോഹൻദാസിനെ ചോദ്യം ചെയ്യുകയും വിവാദ വിഡിയോ ചിത്രീകരിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കേസ് റജിസ്റ്റർ ചെയ്ത് പത്തു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടികൾ ഉണ്ടാവാതിരുന്നതിൽ ഏറെ വിമർശനം ഉയർന്നിരുന്നു. ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയർന്നെങ്കിലും താനല്ല അറസ്റ്റ് ചെയ്യാൻ പറയേണ്ടതെന്നും ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കുമെന്നുമായിരുന്നു മറുപടി. മോഹൻദാസിന്റെ വിവാദ വാക്കുകൾ അടങ്ങിയ വിഡിയോ ഇപ്പോഴും യുട്യൂബിൽനിന്നും മാറ്റിയിട്ടില്ല എന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നായിരുന്നു സൈബർ പൊലീസ് കേസെടുത്തത്. ‘എനിക്ക് ഈ സിറ്റ്വേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’, എന്നായിരുന്നു മോഹൻദാസിന്റെ ഒരു പ്രസ്താവന.
ഇതിനു പിന്നാലെയാണ് മറ്റൊരു വിവാദ പ്രസ്താനവയും ഉണ്ടായത്. ‘അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്’, എന്നായിരുന്നു മോഹൻദാസിന്റെ വിവാദ പ്രസ്താവന.
അതേസമയം, പ്രസ്താവനങ്ങൾ വിവാദമായതിനു പിന്നാലെ മോഹൻദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തിയിരുന്നു. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്ന് ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.


