വെബ് സീരീസിനെ അനുകരിച്ച് ഭാര്യയെ കൊലപ്പെടുത്തി: അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, അറസ്റ്റ്
ന്യൂഡൽഹി: ക്രൈം ഡോക്യുസീരീസിനെ അനുകരിച്ച് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ആയി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 53 കാരനായ കമൽ സിംഗ് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംഭവം പടിക്കെട്ടിൽ നിന്ന് വീണ് മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമിച്ചത്.
പൊലീസിന്റെ അന്വേഷണത്തിൽ, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പടിക്കെട്ടിന് സമീപത്തേക്ക് മാറ്റിവെച്ച് അപകടമരണത്തിന്റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു പ്രതിയെന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾക്കും പൊലീസിനും ഭാര്യ പടിയിൽ നിന്ന് വീണ് മരിച്ചതാണെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്തെ ശാസ്ത്രീയ തെളിവുകളും ഫോറൻസിക് പരിശോധനയും പ്രതിയുടെ മൊഴിയിലെ വൈരുധ്യങ്ങളും അന്വേഷണ സംഘത്തെ സംശയത്തിലാക്കി. സി.സി.ടി.വി ദൃശ്യങ്ങളും കേസിൽ നിർണായക വഴിത്തിരിവായി.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി സീരീസ് കണ്ട ശേഷം അതേ മാതൃകയിൽ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതായി സമ്മതിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിന് മുമ്പ് ഇയാൾ ഈ സീരീസിനെക്കുറിച്ചും സമാന കേസുകളെക്കുറിച്ചും ഇന്റർനെറ്റിൽ വ്യാപകമായി തിരഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതി ഉപയോഗിച്ച രീതി അമേരിക്കയിൽ ഏറെ ചർച്ചയായ മൈക്കൽ പീറ്റേഴ്‌സൺ കേസിനെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുസീരീസിനോട് സാമ്യമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം മറച്ചുവെക്കാൻ നടത്തിയ ശ്രമം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊളിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
ശാസ്ത്ര സാങ്കേതികവിദ്യ വാർത്തകൾ
സംഭവത്തിൽ കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.


