കാത്തിരിക്കുന്നത് തൂക്കുകയർ; പക്ഷേ കീഴടങ്ങാൻ ഒരുക്കമല്ല; ഹസീനയുടെ തിരിച്ചുപോക്ക് നിർണായകം
ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ (ഐസിടി) കഴിഞ്ഞ വർഷം അവസാനം വിധിച്ചത്.
എന്നാൽ അധികാരത്തിൽനിന്ന് പുറത്തായി രണ്ട് വർഷം പിന്നിടുമ്പോൾ, ജീവൻ നഷ്ടമായാലും സ്വന്തം രാജ്യത്തേക്ക് മടങ്ങും എന്ന് തന്നെ ആവർത്തിക്കുകയാണ് ഹസീന. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ന്യൂഡൽഹിയിൽ ഫോറിൻ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ നടത്തിയ മാധ്യമ സംവാദ പരിപാടിയിൽ ഹസീന വെളിപ്പെടുത്തിക്കഴിഞ്ഞു.
ഹസീനയുടെ റെക്കോർഡ് ചെയ്ത ശബ്‌ദ സന്ദേശമാണ് പരിപാടിയിൽ കേള്‍പ്പിച്ചത്. ‘അവാമി പാർടിയുടെ നിരോധനം പിൻവലിക്കണം. ഞാൻ എന്റെ ജനങ്ങളുടെ ഇടയിലേക്ക് തിരിച്ചുവരും. കള്ളക്കേസുകളിലൂടെ എന്നെ അവർ ക്രൂശിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഭയം എന്നെ, എന്റെ ജനങ്ങളെ സേവിക്കുന്നതിൽ തടസം നിൽക്കില്ല, ഇൗ ജന്മത്തിലും മരണത്തിലും’ – അവർ പറഞ്ഞു. ഹസീനയുടെ പത്രസമ്മേളനം ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയെന്ന കേസിലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. കൂട്ടക്കൊലയ്ക്ക് പൊലീസിനും സൈന്യത്തിനും നിർദേശം നൽകി, ഗൂഢാലോചന നടത്തി, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. “മാനുഷികതയ്ക്ക് എതിരായ കുറ്റങ്ങൾ’ ഹസീന ചെയ്തതായി തെളിഞ്ഞെന്ന് 2025 നവംബർ 17ന് ഐസിടി വിധിന്യായത്തിൽ പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ, മുൻ ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കുറ്റക്കാരാണെന്ന് ട്രിബ്യൂണൽ വിധിച്ചു.
ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപത്തെ തുടർന്ന് 2024 ആഗസ്‌ത് അഞ്ചിനാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദമൊഴിഞ്ഞ് ഇന്ത്യയില്‍ അഭയംതേടിയത്. വിദ്യാർഥി സമരം, ബംഗ്ലാദേശ് രൂംപകൊണ്ടശേഷമുള്ള രാജ്യംകണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി വളർന്നതോടെ ഹസീന സർക്കാർ നിലംപൊത്തി. നാലാംതവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ് ഏഴ് മാസം പിന്നിടുമ്പോഴായിരുന്നു പതനം. 2009 മുതൽ 15 വർഷം നീണ്ട ഭരണമാണ് അവസാനിച്ചത്.
ജൂൺ ആദ്യവാരത്തിലാണ് വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ അണപൊട്ടിയത്. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. എന്നാൽ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. അതിന്റെ വില ഷേയ്‌ഖ് ഹസീനയ്ക്ക് നൽകേണ്ടിവന്നു.
വിദ്യാർഥികളെ നേരിടാൻ പട്ടാളത്തെ വിളിക്കേണ്ട ഗതികേടുണ്ടായി. കണ്ടാലുടൻ വെടിവയ്‌ക്കാൻ ഉത്തരവും ഇറക്കി. രാജ്യമെമ്പാടും കർഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതി കൈവിട്ടുപോകുന്ന ഘട്ടത്തിലാണ് സംവരണം വെട്ടിക്കുറച്ച് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. സർക്കാരിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, ജനകീയരോഷം ഷെയ്ഖ് ഹസീനയിലേക്ക് തിരിയുന്നതാണ് പിന്നീട് കണ്ടത്. സർക്കാർ സ്വീകരിച്ച നടപടികളെല്ലാം പ്രക്ഷോഭം ആളിക്കത്താനുള്ള ഇന്ധനമായി.


