അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് വനിതാ ഡോക്ടര്‍ മരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയില്‍ നിന്നും വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മനോരോഗവിദഗ്ധയായ ഡോക്ടര്‍ ഹേമിക അഗര്‍വാള്‍ (40) ആണ് മരിച്ചത്. ഗാസിയാബാദിലെ രാജ് നഗര്‍ എക്സ്റ്റന്‍ഷനിലുള്ള അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയില്‍ നിന്നാണ് ഹേമിക താഴെ വീണത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മറ്റുതാമസക്കാര്‍ ഓടിയെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് തെളിവുകളും റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഒന്നരവര്‍ഷം മുന്‍പാണ് ഹേമിക വിവാഹമോചിതയായത്. ശേഷം മകള്‍ കടുത്ത മാനസികപ്രയാസങ്ങള്‍ നേരിട്ടിരുന്നതായി പിതാവും മനോരോഗ ചികിത്സാ വിദഗ്ധനുമായ ഡോ. ആര്‍. ചന്ദ്ര പറഞ്ഞു. മകള്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പടെ പോലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

Share