പ്രണയപ്പകയില്‍ കൊല; ബെംഗളുരുവില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാക്കള്‍ പിടിയില്‍
ബെംഗളുരു: ബെംഗളുരുവില്‍ പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ മുന്‍ കാമുകന്റെ സഹോദരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിയമവിദ്യാര്‍ഥിനി മരിച്ചു. കൊടിഹള്ളി സ്വദേശിയായ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനി അമൃതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാമുകന് ധനുഷിനെയും സഹോദരന് സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
ധനുഷും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമൃതയും ധനുഷുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇരുവരുടേയും വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ അമൃത ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ പകയിലാണ് യുവതി നടന്നു പോകുന്നതിനിടെ ധനുഷിന്റെ സഹോദരന് സൂര്യ കത്തി കൊണ്ട് ആക്രമിച്ചത്.
ചൊവ്വാഴ്ച പകല്‍ സമയത്താണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് യുവതി മരണപ്പെടുകയായിരുന്നു.


