കൈക്കൂലി തടയൽ: വിജയ് ‘ഇറക്കിയ നമ്പരിൽ’ വീണത് ടിവികെ നേതാവ്

ചെന്നൈ: കൈക്കൂലി തടയാൻ ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ ഹെൽപ്‌ലൈൻ നമ്പർ പ്രഖ്യാപിച്ചതിനു പിന്നാലെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയത് ഭരണകക്ഷിയായ ടിവികെയുടെ നേതാവ്.

മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപെട്ട് ഈസ്റ്റ് ജില്ലാ ജോ. സെക്രട്ടറിയുമായ എൻ.വി.വീരസാമി ഒരു കരാറുകാരനിൽനിന്ന് 30,000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ലക്ഷം രൂപ നൽകിക്കഴിഞ്ഞതായി പറയുന്ന ശബ്ദവും വിഡിയോയിൽ വ്യക്തമാണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ, വീരസാമിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അടക്കം നീക്കിയതായി നേതൃത്വം അറിയിച്ചു. 

അധികാരത്തിലെത്തിയതിനു പിന്നാലെ, അഴിമതിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഹെൽപ്‌ലൈൻ നമ്പർ പ്രഖ്യാപിച്ചത്.

കൈക്കൂലി സംബന്ധമായ പരാതികൾ അറിയിക്കാൻ തമിഴ്നാട് വിജിലൻസ് ആണ് വാട്സാപ് നമ്പർ പ്രസിദ്ധീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ ഈ നമ്പറിൽ അറിയിക്കാം. എല്ലാ സർക്കാർ ഓഫിസുകളിലും ഈ നമ്പറും ‘കൈക്കൂലി നൽകുന്നതും വാങ്ങുന്നതും കുറ്റമാണെ’ന്ന് തമിഴ്, ഇംഗ്ലിഷ് ഭാഷകളിൽ എഴുതിയതും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

എല്ലാ സർക്കാർ വകുപ്പുകളും തങ്ങളുടെ വെബ്സൈറ്റുകളിലും ഇവ നൽകുകയും ഇതിന്റെ ലിങ്ക് വിജിലൻസിന്റെ സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യണം. നോട്ടിസ് ബോർഡുകളിൽ വിജിലൻസ് വിഭാഗത്തിന്റെ വിലാസവും ഫോൺ നമ്പറുകളും വാട്സാപ് നമ്പറും അടക്കമുള്ള വിവരങ്ങളും പ്രദർശിപ്പിക്കണം.

….

Share