പശ്ചിമേഷ്യൻ യുദ്ധം; റഷ്യയുടെ ‘പറക്കുന്ന കമാൻഡ് പോസ്റ്റ്’ ഇറാനിലേക്ക്, പരസ്യമായ പിന്തുണ?
ടെഹ്റാൻ: അത്യാധുനികമായ ‘ഡൂംസ്ഡേ’ വിമാനം ഇറാനിലേക്ക് അയച്ച് റഷ്യ. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും സങ്കീർണമായ പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക നീക്കം. അതീവ സുരക്ഷിതമായ വാർത്താവിനിമയ സംവിധാനങ്ങളും കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള റഷ്യൻ സർക്കാരിന്റെ പറക്കുന്ന കമാൻഡ് പോസ്റ്റ് ആയി അറിയപ്പെടുന്ന ടുപോളേവ് ടിയു-214പിയു (Tupolev Tu-214PU) ആണ് ടെഹ്റാനിൽ എത്തിയത്.
യുദ്ധത്തിൽ റഷ്യ ഇറാന് പരോക്ഷ പിന്തുണ നൽകുന്നുവെന്ന ആരോപണം നേരത്തേ അമേരിക്ക ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ റഷ്യയുടെ നീക്കം കൂടുതൽ വ്യക്തമായ ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.
യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പോലും യാതൊരു തടസ്സവുമില്ലാതെ സൈനിക സംവിധാനങ്ങളുമായുള്ള കമാൻഡ് ഉറപ്പാക്കാൻ ഇതിന് സാധിക്കുന്നതുകൊണ്ടാണ് റഷ്യൻ സർക്കാരിന്റെ ‘പറക്കുന്ന കമാൻഡ് പോസ്റ്റ്’ എന്ന വിശേഷണം ലഭിച്ചത്. സാധാരണ യാത്രാവിമാനങ്ങൾക്ക് ഈ പ്രത്യേകതയില്ല. യാത്രാവിമാനമായ Tu-214 നെ പരിഷ്കരിച്ചാണ് റഷ്യ ഇതു നിർമിച്ചിരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിത ഡേറ്റാ ലിങ്കുകളുമാണ് ടുപോളോവിന്റെ ഏറ്റവും വലിയ പ്രത്യേകത. ശത്രുക്കളുടെ ഭീഷണികൾക്കിടയിലും ഭരണാധികാരികൾക്കും സൈനിക മേധാവികൾക്കും യുദ്ധതന്ത്രങ്ങൾ ഏകോപിപ്പിക്കാൻ ഈ വിമാനം ഒരു മുതൽക്കൂട്ടാണ്.
‘പി.യു’ എന്ന ചുരുക്കപ്പേര് റഷ്യൻ ഭാഷയിലെ ‘Punkt Upravleniya’ (കൺട്രോൾ പോയിന്റ് അല്ലെങ്കിൽ കമാൻഡ് പോസ്റ്റ്) എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു അടിയന്തര സാഹചര്യമോ യുദ്ധമോ ഉണ്ടായാൽ റഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്ക് ആകാശത്തിരുന്നുകൊണ്ടുതന്നെ രാജ്യത്തെയും സൈന്യത്തെയും നിയന്ത്രിക്കാൻ ഈ വിമാനം സഹായകമാകും. അതിനാൽ പലപ്പോഴും ഇതിനെ റഷ്യയുടെ ‘ഡൂംസ്ഡേ വിമാനം’ എന്നും വിശേഷിപ്പിക്കാറുണ്ട്.
രണ്ട് പിഎസ്-90എ ടർബോഫാൻ എൻജിനുകളുള്ള ഈ വിമാനത്തിന് ഏകദേശം 6,500 കിലോമീറ്റർ വരെ ദൂരം ഒറ്റയടിക്ക് പറക്കാൻ സാധിക്കും. മണിക്കൂറിൽ 850 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വേഗത. ഇത്തരം ദൗത്യങ്ങൾക്കുമായി വിരലിലെണ്ണക്കാവുന്ന Tu-214PU വിമാനങ്ങൾ മാത്രമാണ് റഷ്യ നിർമിച്ചിട്ടുള്ളത്. അതിലൊരു വിമാനമാണ് ഇപ്പോൾ റഷ്യ ഇറാനിലേക്ക് അയച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രകൾ നിയന്ത്രിക്കുന്ന ‘റോസിയ സ്പെഷൽ ഫ്ലൈറ്റ് സ്ക്വാഡ്രൺ’ (Rossiya Special Flight Squadron) ആണ് ഈ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത്.


