കാണാതായ ഇന്ത്യക്കാരൻ്റെ മൃതദേഹം മരുഭൂമിയിൽ സംസ്കരിച്ച നിലയിൽ; സംഭവത്തിന് പിന്നിൽ സ്‌പോൺസറും മകനുമെന്ന് അധികൃതർ, ഒരാൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: മാസങ്ങളായി കാണാതായിരുന്ന ഇന്ത്യൻ സ്വദേശിയുടെ മൃതദേഹം കുവൈത്തിലെ സാൽമി മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്നാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർന്ന് മരണം ഒളിപ്പിക്കാൻ തൊഴിലുടമയും മകനും ചേർന്ന് നടത്തിയ ആസൂത്രിത ശ്രമമാണ് കുവൈറ്റ് സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. മരണപ്പെട്ടയാളുടെ പേരോ, സംസ്ഥാനമോ മറ്റു വിവരങ്ങളോ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല.
.

കഴിഞ്ഞ മാർച്ച് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറ്റകുറ്റപ്പണികൾക്കായി ഭാരമേറിയ യന്ത്രങ്ങളുമായി ഉടമസ്ഥനോടൊപ്പം സാൽമി മരുഭൂമിയിലേക്ക് പോയ ഇന്ത്യൻ സ്വദേശിയെ അന്നേദിവസം മുതൽ കാണാതാവുകയായിരുന്നു. ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ സുരക്ഷാ വിഭാഗം വിപുലമായ അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ ട്രാഫിക് സർവൈലൻസ് ക്യാമറകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. പ്രതിയോടൊപ്പം തൊഴിലാളി മരുഭൂമിയിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെങ്കിലും വാഹനം തിരികെ വരുമ്പോൾ ഇന്ത്യൻ തൊഴിലാളി അതിൽ ഉണ്ടായിരുന്നില്ല. ഇത് പോലീസിന് ശക്തമായ സംശയത്തിന് ഇടനൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
.

കടുത്ത ചോദ്യം ചെയ്യലിൽ, അറ്റകുറ്റപ്പണിക്കിടെ ക്രെയിൻ മറിഞ്ഞുവീണ് തൊഴിലാളി സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഇയാൾ സമ്മതിച്ചു. നിയമപരമായ നടപടികളെ ഭയന്ന് അപകടവിവരം അധികൃതരെ അറിയിക്കുന്നതിന് പകരം, പിതാവും മകനും ചേർന്ന് മൃതദേഹം സാൽമി മരുഭൂമിയിലെ ഉൾപ്രദേശത്ത് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ഫോറൻസിക് സംഘം, ജനറൽ ഫയർ ഫോഴ്‌സ് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ച് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി.
.

കേസിലെ ഒരു പ്രതിയെ നിലവിൽ കസ്റ്റഡിയിലെടുത്ത് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിന് ശേഷം കുവൈറ്റിൽ നിന്നും ഒളിവിൽ പോയ രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. മറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിലും പ്രതികളെ നിയമത്തിന് മുന്നിൽ ഹാജരാക്കുന്നതിലും കുവൈറ്റ് സുരക്ഷാ വിഭാഗത്തിന്റെ കാര്യക്ഷമത ഈ കേസ് തെളിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമവാഴ്ച നടപ്പിലാക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Share