സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു; ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കി – വിഡിയോ

മനില: ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) ഫിലിപ്പൈൻ എയർലൈൻസിന്റെയും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. മനിലയിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന സൗദിയയുടെ എസ്‌വി 871 (SV871) ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ (Taxiing), വിമാനത്താവളത്തിന്റെ ഏപ്രൺ ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ഫിലിപ്പൈൻ എയർലൈൻസിന്റെ എയർബസ് A320-214 വിമാനത്തിന്റെ വാലിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് സൗദിയയുടെ ജിദ്ദ സർവീസ് പൂർണ്ണമായും റദ്ദാക്കി.
.

ഇടിയുടെ ആഘാതത്തിൽ ഫിലിപ്പൈൻ എയർലൈൻസ് വിമാനത്തിന്റെ വെർട്ടിക്കൽ സ്റ്റെബിലൈസറിന് (വിമാനത്തിന്റെ വാലിന്റെ ഭാഗത്തുള്ള ലംബമായ ചിറക്) കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടം നടക്കുന്ന സമയത്ത് പാർക്ക് ചെയ്തിരുന്ന ഫിലിപ്പൈൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. HZ-AR12 എന്ന് രജിസ്റ്റർ ചെയ്ത സൗദിയ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിശദമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമായി രണ്ട് വിമാനങ്ങളുടെയും സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും (Grounded) അവ മനിലയിൽ തന്നെ നിലനിർത്തുകയും ചെയ്തിരിക്കുകയാണ്.
.

രണ്ട് വിമാനങ്ങളും വിമാനത്താവളത്തിന്റെ റാംപിൽ പരസ്പരം തങ്ങിനിൽക്കുന്നതിന്റെയും, വിമാനത്തിന്റെ വാലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മനില വിമാനത്താവളത്തിലെ തിരക്കും ഏപ്രൺ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യോമയാന നിരീക്ഷകർ നേരത്തെ തന്നെ ആശങ്ക ഉന്നയിച്ചിരുന്നു. ഇത്തരം പ്രവർത്തനപരമായ വീഴ്ചകൾ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിൽ, പുതിയ സംഭവം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിമാനത്താവള അധികൃതരും ബന്ധപ്പെട്ട എയർലൈനുകളും സംയുക്തമായി വിശദമായ അന്വേഷണം നടത്തും.

.

Share