പരമോന്നത നേതാവിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെ ഇറാനിൽ യുഎസിൻ്റെ കനത്ത ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇറാനും, പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം
ഇറാനെതിരെ വീണ്ടും യുഎസിൻ്റെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ വെച്ച് സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ മധ്യേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം രൂപപ്പെടുന്നു. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. സിറീക്, ബന്ദർ അബ്ബാസ്, കിഷം എന്നീ മൂന്ന് ദ്വീപ് കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു യു.എസിന്റെ രാവിലെ മുതലുള്ള ആക്രമണം. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുമ്പോഴും, ആക്രമണം സിവിലിയൻ മേഖലകളിലേക്ക് കൂടി ബാധിച്ചതായും സിറീക്കിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
.
അമേരിക്കയുടെ ഈ വ്യോമാക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക ആസ്ഥാനങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തി. ഏതാണ്ട് 85 ഓളം ഇടങ്ങളിൽ തങ്ങൾ തിരിച്ചടി നൽകിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം 17-ന് ഇരുവിഭാഗങ്ങളും തമ്മിൽ രൂപപ്പെടുത്തിയ ധാരണാപത്രം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. അമേരിക്ക ആസൂത്രിതമായി വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ കാലിബാഫ് കുറ്റപ്പെടുത്തി.
.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുന്നത്. സംസ്കാര ചടങ്ങുകളുടെ സമയത്ത് ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടതായി ഇറാൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഇറാഖിലെ നജഫിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിലാണ് ഖമേനിയുടെ വിലാപയാത്രയും പൊതുദർശനവും പുരോഗമിക്കുന്നത്. ഇന്ന് രാവിലെ മാത്രം നജഫിൽ 40 ലക്ഷത്തോളം പേർ ചടങ്ങുകളിൽ പങ്കെടുത്തതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം മൃതദേഹം കർബലയിലേക്ക് കൊണ്ടുപോകുമെന്നും, അവിടെയുള്ള ചടങ്ങുകൾക്ക് ശേഷം രാത്രിയോടെ തെഹറാനിലേക്ക് തിരികെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ നാളെ വൈകിട്ട് നടക്കാനിരിക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനിരിക്കെ, നിലവിലുണ്ടായ അപ്രതീക്ഷിത സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.


