ഉറക്കമില്ലാത്ത അവസ്ഥ; ആറാം നിലയില്‍ നിന്നും കൈക്കുഞ്ഞുമായി ചാടി ടെക്കി ജീവനൊടുക്കി

ആറുമാസം മാത്രം പ്രായമായ കുഞ്ഞുമായി അപാര്‍ട്ട്മെന്റിന്റെ ആറാംനിലയില്‍ നിന്നും ചാടി ടെക്കി ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചെറിയ പരുക്കുകളോടെ കൈക്കുഞ്ഞ് രക്ഷപ്പെട്ടു. 

മയൂരി നഗറിലുള്ള ലക്ഷ്മി പ്രസ്റ്റിജ് അപാര്‍ട്ട്മെന്റിലാണ് സംഭവം. ഇഷ സാഹു എന്ന യുവതിയാണ് കുഞ്ഞിനെയെടുത്ത് ആറാംനിലയില്‍ നിന്നും ചാടിയത്. എന്നാല്‍ ചാടുന്നതിനിടെ കുഞ്ഞ് കൈപ്പിടിയില്‍ നിന്നും വഴുതിമാറിപ്പോയതോടെ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. 

അയല്‍ക്കാരായ താമസക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്യുകയായിരുന്നു. ഇഷ സാഹുവിന് തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റതോടെ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇഷ സാഹു ഇന്‍സോംനിയ എന്ന ഉറക്കമില്ലാത്ത അവസ്ഥ കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്‍പ്പെടെ പൊലീസ് മൊഴിയെടുക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

Share