എൽപിജിയും കറന്റും ഫ്രീ; 3000 രൂപ പെൻഷൻ, വധുവിന് ഒരു പവനും സിൽക്ക് സാരിയും, വിജയ്‍യുടെ ഭരണത്തിൽ തമിഴ്നാടിന് ‘കോളടിക്കും’

തമിഴ്നാടിനെ 10 വർഷംകൊണ്ട് 1.5 ട്രില്യൻ ഡോളർ സമ്പദ്‍വ്യവസ്ഥയാക്കുമെന്ന വാഗ്ദാനവുമായാണ് ‘ഇളയ ദളപതി’ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോൾ ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണവും പടിവാതിൽക്കൽ. വിജയ് വൈകാതെ തമിഴ്നാടിന്റെ ‘മുതലമൈച്ചർ’ (മുഖ്യമന്ത്രി) ആകും.

പ്രകടന പത്രികയിലെ, ആശ്ചര്യപ്പെടുത്തുന്ന ഒട്ടേറെ വാഗ്ദാനങ്ങൾ നിറവേറ്റുകയെന്ന ദൗത്യമാണ് വിജയ്‍യുടെ മുന്നിലുള്ളത്. 

∙ 60 വയസ്സിന് താഴെയുള്ള കുടുംബനാഥകൾക്ക് പ്രതിമാസം 2500 രൂപ നേരിട്ട് അക്കൗണ്ടിൽ നൽകുമെന്ന വാഗ്ദാനമാണ് ഒന്ന്. ഓരോ കുടുംബത്തിനും പ്രതിവർഷം 6 എൽപിജി സിലിണ്ടറുകൾ സൗജന്യം. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതിയും ഫ്രീ.

∙ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് കല്യാണവേളയിൽ 8 ഗ്രാം സ്വർണം (ഒരു പവൻ) നൽകും. ഒപ്പം ഒരു സിൽക്ക് സാരിയും. ഒരു പവന് നിലവിലെ വില പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജുമെല്ലാം ചേർത്ത് 1.15 ലക്ഷം രൂപയ്ക്കുമേൽ വരും.

∙ ബിരുദധാരികളായ തൊഴി‍ലില്ലാത്ത ചെറുപ്പക്കാർക്ക് പ്രതിമാസം 4000 രൂപ. ഡിപ്ലോമയുള്ളവർക്ക് 2500 രൂപ.

∙ 5 ഏക്കറിൽ താഴെയുള്ള കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളും. നെല്ലിന് ക്വിന്റലിന് 3500 രൂപ താങ്ങുവില നൽകും. കരിമ്പിന് 4500 രൂപ. കർഷകർക്ക് വേറെയും വാരിക്കോരി വാഗ്ദാനങ്ങൾ.

∙ മത്സ്യത്തൊഴിലാളികൾക്ക് 27,000 രൂപവരെ സാമ്പത്തിക സഹായം ലഭ്യമാക്കും. ഡീസലിന് സബ്സിഡി. അപകട ഇൻഷുറൻസ് 25 ലക്ഷം രൂപ.

∙ മുതിർന്ന പൗരന്മാർക്ക് ക്ഷേമ പെൻഷൻ 3000 രൂപ. വിധവകൾ, അംഗപരിമിതർ എന്നിവർക്കും ഇതേ ആനുകൂല്യം.

∙ അങ്കണവാടി ജീവനക്കാർക്ക് ശമ്പളം മാസം 18,000 രൂപ. ശുചീകരണ തൊഴിലാളികൾക്ക് 10,000. 

∙ 20 വർഷം സർവീസ് പൂർത്തിയാക്കിയ സർക്കാർ ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യമായി 15 ലക്ഷം രൂപ.

∙ എംഎസ്എംഇകൾക്ക് 15,000 കോടിയുടെ പ്രത്യേക ‘സേഫ്റ്റി ഫണ്ട്’.

Share
error: Content is protected !!