ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ

മുംബൈ: ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്.

ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പക്ഷേ ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിനു മുന്നിൽ നന്നായി പൊരുതിയാണ് തോൽവി സമ്മതിച്ചതെന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം.

പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്‍ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേ തീരുംമുൻപേ ഇന്ത്യ വീഴ്ത്തിയത്.  സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചപ്പോൾ തകർപ്പനൊരു ക്യാച്ചിലൂടെ അക്ഷർ പട്ടേൽ പുറത്താക്കി. 

വരുൺ ചക്രവർത്തിയെറിഞ്ഞ ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി.പിന്നാലെ സ്ട്രൈക്ക് മാറിയെത്തിയ ജോസ് ബട്‍ലറെ ബോൾ‍ഡാക്കിയാണ് വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്.

പവർപ്ലേയിൽ 68 റൺസടിച്ച ഇംഗ്ലണ്ട് 8.1 ഓവറിൽ 100 പിന്നിട്ടു. ടോം ബാന്റനെ അക്ഷർ പട്ടേൽബോൾഡാക്കിയെങ്കിലും പിന്നാലെയെത്തിയ വിൽ ജാക്സ്, ബെതലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 172 ൽ നിൽക്കെ സിക്സടിക്കാനുള്ള വിൽ ജാക്സിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനിൽ വച്ച് പന്തു പിടിച്ചെടുത്ത അക്ഷർപട്ടേൽ, ബൗണ്ടറിക്കപ്പുറത്തേക്കു വീഴുംമുൻപ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തു. ദുബെ അതു പിടിച്ചെടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടം. 

Share
error: Content is protected !!