സെൽഫ് സർവീസ് ബാഗേജ് ചെക്ക് ഇൻ സേവനം ആരംഭിച്ച് ഫ്ലൈനാസ്; ഒരു ബാഗിന് 20 സെക്കൻഡിൽ താഴെ മാത്രം

റിയാദ്: ലോകത്തിലെ മുൻനിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ്, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെൽഫ് സർവീസ് ബാഗേജ് ചെക്ക് ഇൻ സേവനം ആരംഭിച്ചു.  യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനും ചെക്ക്-ഇൻ പ്രക്രിയ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ഇപ്പോൾ ഈ സേവനം ലഭ്യമാണ്. ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സ്വന്തം ചെക്ക്-ഇൻ ചെയ്യാൻ ഇത് സഹായിക്കുന്നു. ഒരു ബാഗിന് ഏകദേശം 20 സെക്കൻഡിൽ താഴെ സമയം മാത്രം മതി ഈ പ്രക്രിയ പൂർത്തിയാക്കാൻ. ഇത് ചെക്ക്-ഇൻ സമയത്തെ നീണ്ട കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

യാത്രാനടപടിക്രമങ്ങളുടെ ഡിജിറ്റലൈസേഷൻ ലക്ഷ്യമിട്ടുള്ള ഫ്ലൈനാസിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്. വിമാനത്താവളത്തിൽ കൂടുതൽ സ്ഥലം ലാഭിക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ സംവിധാനം ഉപകരിക്കും. റിയാദ് എയർപോർട്ട്സ് കമ്പനിയുമായുള്ള ഫ്ലൈനാസിന്റെ സഹകരണം, വിമാനത്താവള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ശ്രമങ്ങൾക്ക് വഴിതുറക്കുമെന്നും അധികൃതർ അറിയിച്ചു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ആസ്ഥാനമായാണ് ഫ്ളൈനാസ് കമ്പനിയുടെ പ്രവർത്തനം. 2007-ൽ ‘നാസ് എയർ’ എന്ന പേരിലാണ് ഇത് ആരംഭിച്ചത്. പിന്നീട് 2013-ൽ ഫ്ലൈനാസ് എന്ന് പുനർനാമകരണം ചെയ്തു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഫ്ലൈനാസിന്റെ പ്രധാന ഓപ്പറേറ്റിംഗ് ബേസുകൾ.

ഫ്ലൈനാസിന് 60-ൽ അധികം വിമാനങ്ങളുണ്ട്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 30-ൽ അധികം രാജ്യങ്ങളിലെ 70-ൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈനാസ് സർവീസുകൾ നടത്തുന്നു. ഇന്ത്യയിലെ കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കും സർവീസുകളുണ്ട്. മലയാളികളും ഏറെ ഉപയോഗപ്പെടുത്തുന്ന വിമാനമാണ് ഫ്ളൈനാസ്.

Share
error: Content is protected !!