യു.എ.ഇയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ പുതിയ നിയമം
ദുബൈ: യു.എ.ഇയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നിയമത്തിന് അംഗീകാരം നൽകികൊണ്ട് യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. തൊഴിലാളികൾക്ക് ശമ്പളം നല്കുന്നതില് വീഴ്ച വരുത്തിയാൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്. തൊഴിലാളി കൃത്യവിലോപം കാണിച്ചാല്‍ 14 ദിവസത്തിനകം പരാതിനല്കാന് തൊഴിലുടമക്കും അവകാശമുണ്ടായിരിക്കും. മാനവവിഭവശേഷി, എമിറാറ്റിസേഷന്‍ മന്ത്രാലയത്തിലാണ് പരാതി നല്‍കേണ്ടത്. 14 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കില്‍ ലേബര്‍ കോടതിയിലേക്ക് കേസ് മാറ്റുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കാരണമില്ലാതെ തുടര്‍ച്ചയായ ഏഴു ദിവസം ജോലിയില്‍ ഹാജരാകാത്ത തൊഴിലാളിക്കെതിരെ പരാതി നല്‍കാനുള്ള അവകാശം തൊഴിലുടമക്കും ഉണ്ടായിരിക്കും. എന്നാല്‍, താന്‍ ഈ കാലയളവില്‍ ജോലി ചെയ്തിരുന്നു എന്നോ അംഗീകൃത അവധിയിലായിരുന്നു എന്നോ തെളിയിക്കാന്‍ ജീവനക്കാരന് കഴിഞ്ഞാല്‍ കേസ് റദ്ദാക്കപ്പെടുന്നതാണ്. തൊഴില്‍ തര്‍ക്ക കേസില്‍ വിധി വന്ന് 14 ദിവസത്തിനള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളി അപേക്ഷ നല്‍കണം. കേസിന്റെ വാദം കേള്‍ക്കല്‍ കാലയളവില്‍ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്നതിനായി തൊഴിലാളിക്ക് അപേക്ഷിക്കാം. അനുമതി ലഭിക്കാതെ മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യാൻ പാടില്ല. വര്‍ക് ഇന്‍സ്പക്ടര്‍മാരുടെ ജോലി, തൊഴിലിടങ്ങളിലെ പരിശോധന എന്നിവയും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.