സൗദിയിൽ ലോകോത്തര സാഹസിക പർവ്വത ടൂറിസം പദ്ധതി വരുന്നു
അബു അബ്ബാസ്
സൌദി അറേബ്യയിലെ നിയോമിൽ പർവ്വത ടൂറിസത്തിൻ്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ട്രോജെന എന്ന പദ്ധതിക്ക് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ചു. 2026 ഓടെ പദ്ധതി പൂർത്തീകരിക്കും. സാഹസിക ടൂറിസനത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതി 14,000 കിലോമീറ്റർ സ്ക്വയറിലാണ് തയ്യാറാക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മീറ്റർ ഉയരത്തിൽ സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന കൊടുമുടികളുള്ള ഒരു പർവതനിരയുടെ സവിശേഷ പ്രദേശത്ത്, ഗൾഫ് ഓഫ് അക്കാബ തീരത്ത് നിന്ന് 50 കിലോമീറ്റർ അകലെ നിയോമിന്റെ മധ്യഭാഗത്താണ് ട്രോജെന സ്ഥിതി ചെയ്യുന്നത്.
ഇക്കോടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് നിയോമിൽ സൃഷ്ടിക്കുന്നത്. ട്രോജെൻ എന്ന് പേരിട്ടിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ അതിശയിപ്പിക്കുന്ന പദ്ധതികളാണ് വരുന്നത്. ലോകത്തെ നിലവിലുള്ള പർവ്വത ടൂറിസത്തെ പുനർനിർവചിക്കും വിധമാണ് ട്രോജനയുടെ രൂപകൽപന.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിനുള്ള മറ്റൊരു വരുമാന സ്രോതസ്സായി മലയോര ടൂറിസം മാറുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2030-ഓടെ ഏഴ് ലക്ഷം വിനോദ സഞ്ചാരികൾ ഇവിടെക്കെത്തും. ഏഴായിരം സ്ഥിര താമസക്കാരും ട്രോജനിലുണ്ടാകും.

എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും NEOM-ന്റെ കർശനമായ പാരിസ്ഥിതിക തത്ത്വങ്ങൾ പാലിക്കും, അതിൽ പ്രാദേശിക പരിസ്ഥിതിയുടെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത ഉൾപ്പെടുന്നു. പതിനായിരത്തോളം തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കും. 2030 ഓടെ രാജ്യത്തിൻ്റെ ജിഡിപി യിലേക്ക് 3 ബില്യണ് റിയാൽ വരുമാനം ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.

വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയൊരുക്കുന്നത്. മനുഷ്യനിർമിത ശുദ്ധജല തടാകം, ലോകത്തെ അമ്പരപ്പിക്കുന്ന ‘ദ ബോ’ ഹോട്ടൽ, അത്യാധുനിക സാങ്കേതിക വിദ്യയിലൊരുക്കുന്ന പ്രധാന കവാടം, നിരവധി വിനോദ പരിപാടികൾ, പർവ്വതത്തിന് മുകളിലെ ചെരിഞ്ഞ ഭാഗത്ത് നിർമ്മിക്കുന്ന വീടുകൾ, പരിസ്ഥിതിയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പനോരമിക് കാഴ്ചകളുള്ള ആഡംബര മന്ദിരങ്ങളും പദ്ധതിയിൽ ഉൾപ്പെടും.

പാരിസ്ഥിതിക സുസ്ഥിരത, എല്ലാ ജീവജാലങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണം എന്നിവ പരിഗണിക്കുന്ന വാസ്തുവിദ്യാ സവിശേഷതകൾക്കനുസൃതമായാണ് ട്രോജന നിർമ്മിക്കുന്നത്. ശുദ്ധവായു, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, കാലാവസ്ഥാ വൈവിധ്യം എന്നിവ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്, ശൈത്യകാലത്ത് താപനില പൂജ്യത്തിന് താഴെയായി കുറയും. അതേസമയം വർഷം മുഴുവനും ശരാശരി താപനില പ്രദേശത്തുടനീളമുള്ള മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 10 ഡിഗ്രി സെൽഷ്യസ് കുറവാണ്.
വിർച്വൽ ലോകവുമായി യാഥാർത്ഥ്യത്തെ സമന്വയിപ്പിക്കുന്ന അസാധാരണമായ ഡിസൈൻ, നൂതന വാസ്തുവിദ്യ, സാങ്കേതികവിദ്യ എന്നിവയിലൂടെ പർവ്വത റിസോർട്ടുകൾക്ക് നൽകാനാകുന്ന സേവനങ്ങളെക്കുറിച്ചുള്ള സന്ദർശകരുടെയും താമസക്കാരുടെയും നിലവിലെ ധാരണകൾ മാറ്റാൻ ട്രോജെന ലക്ഷ്യമിടുന്നു.
ട്രോജനയുടെ വീഡിയോ കാണാം
هذه تروجينا، عالم جديد من الفرص، بتجارب فريدة لا تُضاهى، وجمال طبيعة أخاذ، وهندسة معمارية مبتكرة، ومعيشة فاخرة على ضفاف البحيرة… كل ذلك في جبال نيوم.
#تروجينا #نيوم pic.twitter.com/hZk91CZ6Lu
— NEOM (@NEOM) March 3, 2022


