മലയാളി വ്ളോഗറുടെ മരണത്തിൽ ദുരൂഹത: മൂന്ന് യുവാക്കൾ കാറിലെത്തി

കൊച്ചി: ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂർ സ്വദേശിനിയും വ്ലോഗറുമായ നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അന്വോഷിക്കുന്നുണ്ട്.

ഭർത്താവുമായി അകൽച്ചയിലായിരുന്നു യുവതി. ആറു മാസം മുൻപാണു കൊച്ചിയിൽ എത്തിയത്. മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും, അയാൾ വിവാഹം കഴിക്കുമെന്നും യുവതി പ്രതീക്ഷിച്ചു. എന്നാൽ അയാൾ നാട്ടിലേക്ക് പോയതോടെ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതറിഞ്ഞതോടെയാണു യുവതി മരിച്ചതെന്നു സംശയിക്കുന്നതായി സുഹൃത്തുക്കളിൽ ചിലർ പറയുന്നു. ഇവർ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


സ്ഥലത്തെത്തിയ സുഹൃത്തുക്കളിൽ ഒരാളാണു വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ഇതിനിടെ, കറുത്ത കാറിൽ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണു വിവരം.

കാറിലുണ്ടായിരുന്ന രണ്ടു പേരെ വിട്ടയച്ച പൊലീസ് ഒരാൾക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്നു കണ്ടാണു വിട്ടയച്ചത് എന്നാണു പൊലീസ് വിശദീകരണം. ഫ്ലാറ്റിൽ സ്ഥിരമായി ലഹരി വിൽപന നടന്നതായും അസമയത്ത് ആളുകൾ വന്നു പോയിരുന്നതായും സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Share
error: Content is protected !!