ഇനി റോഡുകളിലേക്ക് പാറക്കെട്ടുകൾ വീണ് അപകടമുണ്ടാകില്ല; അത്യാധുനിക നിരീക്ഷണ സംവിധാനം നടപ്പിലാക്കി സൗദി
സൗദിയിൽ പർവതപ്രദേശങ്ങളിലെ റോഡുകളിലേക്ക് പാറക്കെട്ടുകൾ വീണ് അപകടമുണ്ടാകുന്നത് തടയാൻ അതിനൂതന സംവിധാനങ്ങൾ നടപ്പിലാക്കി തുടങ്ങി. പാറകൾ വീഴുന്നത് നിരീക്ഷിക്കുകയും ഉടൻ റോഡുകൾ ഓട്ടോമാറ്റിക്കായി അടക്കുകയും ചെയ്യുന്ന സംവിധാനമാണ് നടപ്പിലാക്കി തുടങ്ങിയത്. തായിഫ് ഗവർണറേറ്റിലെ അക്കാബ അൽ-ഹദ റോഡിലാണ് റോക്ക് ഫാൾ മോണിറ്ററിംഗ് സിസ്റ്റം ആദ്യമായി പരീക്ഷിക്കുന്നത്. ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതമായ യാത്ര സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
.
പർവതപ്രദേശങ്ങളിൽ നിന്ന് പാറ വീഴുന്നതിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ഇവയുടെ ചലനം നിരീക്ഷിക്കും. തുടർന്ന് റോഡുകൾ അടക്കാൻ നിർദ്ദേശം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ സഹായത്തോടെ ആറ് ക്യാമറകൾ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയത്.
അക്കാബ അൽ-ഹദ റോഡിൽ ഇതിനായി ആറ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പാറകൾ ചലിക്കാൻ തുടങ്ങുന്നതിൻ്റെ ആദ്യ നിമിഷം തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടെക്നോളജിയിലൂടെ ഇവ കണ്ടെത്തുകയും, തുടർന്ന് 60 സെക്കൻ്റിനുള്ളിൽ തന്നെ റോഡിലേക്കുള്ള പ്രവേശന കവാടം അടക്കാൻ സിഗ്നലുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്യും. കൂടാതെ പാറകളുടെ വീഴ്ച കണ്ടെത്തിയാലുടൻ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുംപുതിയ സംവിധാനത്തിന് കഴിയും.
.
ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും ജനറൽ അതോറിറ്റി ഫോർ റോഡ്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനീയർ സാലിഹ് ബിൻ നാസർ അൽ ജാസ്സർ പദ്ധതി ഉദ്ഘാടനം ചെയ്തു. 2030 ഓടെ സൗദിയിലെ റോഡ് ഗുണനിലവാര സൂചിക ആഗോള തലത്തിൽ ആറാം സ്ഥാനത്തേക്ക് ഉയർത്താനും മരണങ്ങളുടെ എണ്ണം 100,000 ജനസംഖ്യയിൽ 5 ൽ താഴെയായി കുറയ്ക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു.
ഇതിനായി സുരക്ഷ, ഗുണനിലവാരം, ഗതാഗത സാന്ദ്രത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോഡ് മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കും. അതിൻ്റെ ഭാഗമായാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം വിപുലീകരിക്കാൻ അതോറിറ്റി ശ്രമിച്ചുവരുന്നത്.
.



