ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണക്കാൻ ബിജെപി എംപിമാരും; വെളിപ്പെടുത്തി തൃണമൂൽ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
.
തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് ഇവിടെ 29 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാർ കൂറു മാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തൽ.
.
ബംഗാളിൽ ഇത്തവണ പോരാട്ടം നരേന്ദ്ര മോദിയും മമതയും മുഖാമുഖമായിരുന്നു. സംസ്ഥാനത്തിന്റെ പല കേന്ദ്രങ്ങളിലും റോഡ് ഷോ നടത്തിയ മോദി നിരന്തരമായ ആക്രമണമാണു തൃണമൂലിനു നേരെ അഴിച്ചുവിട്ടത്. അമിത് ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും അടങ്ങിയ ബിജെപി നിര ഒന്നടങ്കം വന്നെങ്കിലും വോട്ടുവിഹിതം കൂട്ടാൻ മമതയ്ക്ക് സാധിച്ചു.
.
വനിതാ വോട്ടർമാരുടെ സമ്പൂർണ പിന്തുണയാണ് തൃണമൂൽ വിജയത്തിന്റെ ആണിക്കല്ല്. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുന്ന ലക്ഷ്മി ഭണ്ഡാർ ക്ഷേമ പെൻഷൻ ബംഗാളിലെ ഗ്രാമങ്ങളുടെ സ്ഥിതി തന്നെ മാറ്റിയിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവർക്ക് ഇത് 1200 രൂപയാണ്.
.



